വനിതാ നേതാവിന് വേണ്ടിയുള്ള സമരം കൈവിട്ടു... വനിത നേതാവ് അനധികൃതമായി ലീവെടുത്തതിന് സസ്‌പെന്‍ഡ് ചെയ്തതിന് കെഎസ്ഇബി സ്തംഭിപ്പിച്ച അസോസിയേഷന്‍ നേതാവ് പെട്ടുപോയി; ആയിരം കോടിയുടെ വൈദ്യുതി പുറത്തുവിറ്റ് കെ.എസ്.ഇ.ബി.ക്ക് റെക്കോഡ് ലാഭം നേടിയ ചെയര്‍മാന്‍ ബി അശോകിന് കൈയ്യടി

ഒരു വനിതാ നേതാവിന്റെ അനധികൃത ലീവാണ് ഇപ്പോഴത്തെ സമരത്തിനും നേതാവിന്റെ സസ്‌പെന്‍ഷനും നാണക്കേടിനും കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അനധികൃത ലീവെടുത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്ത ചെര്‍മാനെതിരെ നീങ്ങിയ നേതാവിന് തന്നെ അവസാനം സസ്‌പെന്‍ഷന്‍ കിട്ടി.
വിലക്കും ഡയസ്‌നോണും അവഗണിച്ച് കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ സി.പി.എം അനുകൂല ഓഫീസേഴ്‌സ് അസോസിയേഷനാണ് സമരം നയിച്ചത്. അനാവശ്യ സമരക്കാര്‍ക്കുള്ള ഷോക്ക് ചികിത്സയെന്നോണം സംഘടനാ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിനെ ചെയര്‍മാന്‍ ഡോ.ബി. അശോക് സസ്‌പെന്‍ഡ് ചെയ്തു.
ബി അശോകിനെതിരെ നടപടി വേണമെന്നാണ് നേതാക്കള്‍ പറയുന്നത്. കെഎസ്ഇബിയെ റെക്കോഡ് ലാഭത്തിലെത്തിച്ച ചെയര്‍മാന്‍ ബി അശോകനെ എങ്ങനെ മാറ്റാനാണെന്നാണ് ചോദിക്കുന്നത്. കേരളത്തിനു പുറത്ത് വൈദ്യുതി വിറ്റ് കെഎസ്.ഇ.ബി.ക്ക് റെക്കോഡ് ലാഭമാണ് ചെയര്‍മാന്റെ നേതൃത്വത്തില്‍ സമ്മാനിച്ചത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 1000 കോടിരൂപയ്ക്കാണ് വൈദ്യുതി ബോര്‍ഡ് പവര്‍ എക്‌സ്‌ചേഞ്ചിലൂടെ വൈദ്യുതി വിറ്റത്. കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടുമ്പോള്‍ വന്‍ലാഭത്തിലെത്തിച്ച ചെയര്‍മാനെ മാറ്റിയാല്‍ അത് വലിയ പ്രശ്‌നമാകും.
മൂന്നുവര്‍ഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വില്‍ക്കാനായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി. അശോക് പറഞ്ഞു. കോവിഡ് കാരണം കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തനം നിയന്ത്രിച്ചതോടെ സംസ്ഥാനത്തിനകത്ത് വൈദ്യുതിയുപയോഗം കുറഞ്ഞിരുന്നു. കല്‍ക്കരി പ്രതിസന്ധി കാരണം രാജ്യത്ത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ മികച്ച വിലയും ലഭിച്ചു. വൈദ്യുതി വാങ്ങാനും വില്‍ക്കാനും താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാനുള്ള ഇലക്‌ട്രോണിക് സംവിധാനമാണ് പവര്‍ എക്‌സ്‌ചേഞ്ച് അഥവാ സ്‌പോട്ട് മാര്‍ക്കറ്റ്. ഇത് കേന്ദ്ര ൈവദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിയന്ത്രിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സംവിധാനമാണ്.
ഇത് കെഎസ്ഇബിക്ക് നേട്ടമായി. കാലവര്‍ഷം സാധാരണ തോതിലാണെങ്കില്‍ ഒരു വര്‍ഷം ഡാമുകളില്‍ ഒഴുകിയെത്തുന്നത് 700 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്നാല്‍, 2021'22ല്‍ കിട്ടിയത് 900 കോടി യൂണിറ്റിനുള്ള വെള്ളം. പവര്‍ എക്‌സ്‌ചേഞ്ചില്‍ ചില സമയങ്ങളില്‍ യൂണിറ്റിന് 20 രൂപവരെ വിലയുണ്ടായിരുന്നു. രാത്രിയിലെ ആവശ്യത്തിന് കേരളം പുറത്തുനിന്ന് വാങ്ങുന്നത് ഇതിലും കുറഞ്ഞ തുകയ്ക്കാണ്. പവര്‍ എക്‌സ്‌ചേഞ്ചില്‍ വില കുറയുമ്പോള്‍ ആ വൈദ്യുതി കേരളത്തില്‍ത്തന്നെ ഉപയോഗിക്കുകയും വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വില്‍ക്കുകയും ചെയ്തു. അങ്ങനെയാണ് ലാഭം നേടിയത്.
ഇതിനിടയിലാണ് ലാഭത്തിലോടുന്ന കെഎസ്ഇബിയെ പൂട്ടിക്കാനെന്നവണ്ണമുള്ള സമരം. ഇതോടെ ബോര്‍ഡില്‍ രണ്ടു മാസം മുമ്പ് ഇടതുമുന്നണിയും മന്ത്രിയും ഇടപെട്ടുണ്ടാക്കിയ സമാധാനാന്തരീക്ഷം വീണ്ടും തകര്‍ന്നു.
പവര്‍സിസ്റ്റം വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് സസ്‌പെന്‍ഷനിലായ എം.ജി.സുരേഷ് കുമാര്‍. അതേസമയം സസ്‌പെന്‍ഷന്‍ നടപടി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ശരി വച്ചു. നടപടിയില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ വൈദ്യുതി ഭവന് മുന്നിലും, മുഴുവന്‍ സര്‍ക്കിളുകളിലും പ്രകടനം നടത്തി.
ചെയര്‍മാനെതിരെ ശക്തമായ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് സി.പി.എം.അനുകൂല സംഘടനകള്‍. ലീവും ഡ്യൂട്ടി കൈമാറിയതും അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവായ വനിതാ എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജോലി ബഹിഷ്‌ക്കരിച്ച് അര്‍ദ്ധദിന സത്യഗ്രഹസമരം നടത്തുന്നതിനിടെ, ഡയറക്ടര്‍ ബോര്‍ഡ് യോഗവേദിയിലേക്ക് അനുയായികളേയും കൂട്ടി തള്ളിക്കറിയതിനാണ് എം.ജി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
"
https://www.facebook.com/Malayalivartha