ഈ പ്രായത്തിലും പറ്റും സഖാവേ... കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ടാതിരുന്ന നരച്ച് കൊരച്ച കെവി തോമസിന് ഇപ്പോള്‍ വീര പരിവേഷം; തോമസ് മാഷിനെ പുറത്താക്കാന്‍ നടന്നവരെ സോണിയാജി മുക്കയറിടും; ശശി തരൂരിന് ഓങ്ങിവച്ച ചൂണ്ടയില്‍ തോമസ് മാഷ് കുടുങ്ങിയതോടെ കോണ്‍ഗ്രസില്‍ കൂട്ടയടി

സെമിനാര്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലാണ് നടക്കുന്നതെങ്കിലും അത് ചൂട് പിടിപ്പിക്കുന്നത് കോണ്‍ഗ്രസിനേയാണ്. ഡൈ ചെയ്തിട്ടുണ്ടെങ്കിലും നരച്ച് കൊരച്ച തോമസ് മാഷിനെ എന്തിന് കൊള്ളാം മൂലയ്ക്കിരുത്തണമെന്നാണ് കോണ്‍ഗ്രസുകാര്‍ വാദിച്ചത്. എന്നാല്‍ ഇപ്പോഴിതാ തോമസ് മാഷിന് വീര പരിവേഷമാണുള്ളത്. അതിനാല്‍ തന്നെ ഇപ്പം ശരിയാക്കിക്കളയുമെന്ന് പറഞ്ഞ സുധാകരന് തോമസ് മാഷിനെ തൊടാന്‍ പോലും കഴിയില്ല. എഐസിസി അംഗമായ തോമസ് മാഷിനെ സോണിയാജി പുറത്താക്കിയാല്‍ നാണക്കേടാവും. ദേശീയതലത്തില്‍ നില്‍ക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസിന് സഖ്യകക്ഷിയായ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കിയാല്‍ പൊല്ലാപ്പാകും.
അതിനാലാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് എ.ഐ.സി.സി അംഗം പ്രൊഫ. കെ.വി.തോമസ് പ്രഖ്യാപിച്ചെങ്കിലും കെ.പി.സി.സി നേതൃത്വത്തിന്റെ പ്രതികരണം തികഞ്ഞ സംയമനത്തോടെയായത്. സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി.തോമസ് പാര്‍ട്ടിയിലുണ്ടാവില്ലെന്ന് നേരത്തെ പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, എ.ഐ.സി.സി നിര്‍ദ്ദേശം ലംഘിച്ചാല്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന മയപ്പെടുത്തിയുള്ള പ്രതികരണമാണ് ഇന്നലെ നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനത്തിന് തയ്യാറായില്ല.
മാത്രമല്ല തോമസ് മാഷിന് പിന്തുണയുമായി സഖാക്കളുമെത്തി. ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടനയില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെ.വി. തോമസിനെപ്പോലെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവ് പാര്‍ട്ടിയില്‍ നിന്ന് പോകുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണിതെന്നാണ് സൂചന. ലത്തീന്‍ സമുദായത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തോമസിന് മണ്ഡലത്തില്‍ നല്ല ബന്ധമുണ്ട്. അതിനാല്‍ നടപടിയെപ്പറ്റി കരുതലോടെ ചിന്തിക്കണമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.
എന്നാല്‍ പാര്‍ട്ടിയെ അനുസരിക്കാത്തവരോട് ഇളവുകാട്ടിയാല്‍ അത് ഭാവിയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കെ.പി.സി.സിയിലെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. കെ.വി.തോമസിന്റേതും തന്ത്രപരമായ നീക്കമാണ്. പാര്‍ട്ടി കോണ്‍ഗ്രസിലാണ് പങ്കെടുക്കുന്നത്, അല്ലാതെ സി.പി.എമ്മിലേക്കല്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇപ്പോള്‍ തന്നെ തോമസ് മാഷിന് രക്തസാക്ഷി പരിവേഷമാണുള്ളത്. നടപടിയെടുത്ത് പുറത്താക്കിയാല്‍ ബലിയാടായെന്ന പ്രതിച്ഛായയുണ്ടാക്കാം, ഒപ്പം സി.പി.എം നല്ല രീതിയില്‍ പരിഗണിക്കുകയും ചെയ്യും. എന്നാല്‍ അച്ചടക്ക നടപടി വൈകിപ്പിച്ച് തോമസിനെ വെട്ടിലാക്കുകയെന്ന തന്ത്രമാവും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുക എന്നറിയുന്നു. കെ.വി.തോമസ് എ.ഐ.സി.സി അംഗമായതിനാല്‍ നടപടി എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചതും ദേശീയ നേതൃത്വമാണ്. എ.കെ.ആന്റണി അദ്ധ്യക്ഷനും താരിഖ് അന്‍വര്‍ സെക്രട്ടറിയും അംബികാ സോണി അംഗവുമായ അച്ചടക്ക സമിതിയാണ് നടപടി സ്വീകരിക്കേണ്ടത്.
അതേസമയം കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ശശി തരൂരിനേയാണ് സിപിഎം ലക്ഷ്യമിട്ടത്. എന്നാല്‍ കാണാമായിരുന്നു. തോമസ് മാഷായിട്ടും ഇത്രയൊക്കെ ചെയ്‌തെങ്കില്‍ ശശി തരൂരായിരുന്നെങ്കില്‍ എന്താകുമായിരുന്നു.
സില്‍വര്‍ലൈനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തുമ്പോള്‍, പദ്ധതി നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ എത്തിക്കാന്‍ കഴിഞ്ഞത് സിപിഎമ്മിനു രാഷ്ട്രീയ നേട്ടമായി.
കോണ്‍ഗ്രസിനു താല്‍ക്കാലിക ക്ഷീണവും. കോണ്‍ഗ്രസോ, പാര്‍ട്ടി കോണ്‍ഗ്രസോ എന്ന ചോദ്യത്തിനു കെ.വി.തോമസ് നല്‍കിയ ഉത്തരം കോണ്‍ഗ്രസിനെ സാരമായി ബാധിക്കുന്നത്. പാര്‍ട്ടി സ്വീകരിച്ച രാഷ്ട്രീയ തീരുമാനം മുതിര്‍ന്ന നേതാവ് തന്നെ അട്ടിമറിക്കുന്നതിലൂടെയാണ്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയ വിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ നിന്നു മുതിര്‍ന്ന നേതാവിനെ വിലക്കിയത് സിപിഎം രാഷ്ട്രീയ ആയുധമാക്കുമെന്നുറപ്പ്. ബിജെപിയെ ബാധിക്കുന്ന ഒന്നും കോണ്‍ഗ്രസ് ചെയ്യില്ലെന്ന ആരോപണം സിപിഎം നേതാക്കള്‍ ഉയര്‍ത്തിക്കഴിഞ്ഞു. തോമസ് മാഷിലൂടെ കോണ്‍ഗ്രസ് തല്ലിപ്പിരിഞ്ഞു കഴിഞ്ഞു. ഇനി ആചാരവെടി മാത്രം.
"
https://www.facebook.com/Malayalivartha