കുടുംബങ്ങളുടെ പ്രതീക്ഷകള്‍ പൊലിഞ്ഞു.... തോരാകണ്ണീരായി മൂന്നു പേരുടെയും വേര്‍പാട്....വിനോദയാത്രയ്ക്കിടെ കര്‍ണാടകയില്‍ മാല്‍പ്പെ സെയ്ന്റ് മേരീസ് ഐലന്‍ഡില്‍ മുങ്ങിമരിച്ചവരുടെ വേര്‍പാടില്‍ കണ്ണീര്‍ക്കയമായി നാട്

കുടുംബങ്ങളുടെ പ്രതീക്ഷകള്‍ പൊലിഞ്ഞു.... തോരാകണ്ണീരായി മൂന്നു പേരുടെയും വേര്‍പാട്....വിനോദയാത്രയ്ക്കിടെ കര്‍ണാടകയില്‍ മാല്‍പ്പെ സെയ്ന്റ് മേരീസ് ഐലന്‍ഡില്‍ മുങ്ങിമരിച്ചവരുടെ വേര്‍പാടില്‍ കണ്ണീര്‍ക്കയമായി നാട്
ഉഡുപ്പി ജില്ലയിലെ മാല്‍പ്പെയ്ക്ക് സമീപത്തെ സെന്റ് മേരിസ് ഐലന്‍ഡിലെ ബീച്ചില്‍ കുളിക്കാനിറങ്ങപ്പോഴായിരുന്നു അപകടം നടന്നത്. സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ തിരയില്‍പെട്ടുപോകുകയായിരുന്നു അമലും അലനും ആന്റണിയും.
'കാമ്പസ് സെലക്ഷനില്‍ ആന്റണിക്ക് ഇന്‍ഫോ പാര്‍ക്കില്‍ ജോലി കിട്ടിയിരുന്നു. ഇനി മൂന്നുമാസത്തെ പഠനംകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും അപ്പോഴേക്കും എന്റെ മോന്‍...' ബാക്കി പറയാനാവാതെ ഷിനോയിയുടെ പിതാവ് ജോണ്‍സണ്‍ നിലവിളിക്കുന്നു.ഈ കുടുംബത്തിന്റെ വലിയ പ്രതീക്ഷകളാണ് ആന്റണി ഷിനോയിയുടെ വേര്‍പാടില്‍ തകര്‍ന്നടിഞ്ഞു പോയത്.
അപകടവാര്‍ത്തയറിഞ്ഞ് ഉദയംപേരൂര്‍ മാളേകാട് ഭാഗത്തുള്ള ഇവരുടെ ചിറമേല്‍ വീട്ടിലേക്ക് ആളുകള്‍ എത്തുന്നുണ്ടായിരുന്നു. മകന് എന്തോ അപകടം സംഭവിച്ചു എന്നല്ലാതെ മറ്റൊന്നും മാതാപിതാക്കള്‍ക്കും വീട്ടുകാര്‍ക്കും വ്യാഴാഴ്ച വൈകീട്ട് 6.30 വരെയും അറിയില്ലായിരുന്നു മകനെ മരണം കവര്‍ന്നെന്ന്. മൃതദേഹം കണ്ടെത്തി എന്ന വിവരം അറിഞ്ഞശേഷമാണ് വീട്ടില്‍ നിന്നും ജോണ്‍സനെ പുറത്തേക്കുവിളിച്ച് സമീപവാസികൂടിയായ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായരും മറ്റും ആ ദുഃഖവാര്‍ത്ത അറിയിച്ചത്. ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ആന്റണി ഷിനോയ്.
കോളേജില്‍ നിന്ന് മറ്റ് വിദ്യാര്‍ഥികളോടൊപ്പം ബസില്‍ കൂര്‍ഗ്, മാല്‍പ്പെ തുടങ്ങിയ സ്ഥലങ്ങളിലേക്കായി ബുധനാഴ്ച വൈകീട്ടാണ് അവന്‍ വിനോദയാത്ര പോയത്. 'വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് അവന്‍ എന്നെ വിളിച്ചിരുന്നു. പിന്നീട് 12 മണിക്ക് കോളേജിലെ എച്ച്.ഒ.ഡി.യുടെ ഫോണ്‍ വന്നു. മൂന്നുപേര്‍ മിസിങ് ആണെന്ന് പറഞ്ഞു. ഒന്നും പറ്റല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന.'
ജോണ്‍സണ്‍ വാവിട്ട് വിലപിക്കുന്നു. തൃപ്പൂണിത്തുറ ചൂരക്കാട് ഗുഡ്‌സ് വണ്ടി ഓടിക്കുകയാണ് ജോണ്‍സണ്‍. മകള്‍ ഷിന്നുവിന്റ വിവാഹം മേയ് 29-ന് നിശ്ചയിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച ഉദയംപേരൂരിലെ വസതിയിലെത്തിക്കും.
അതേസമയം കടലില്‍ മുങ്ങിമരിച്ച ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയായ അലന്‍ റെജി, കാന്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലിയും ഉറപ്പാക്കിയിരുന്നു. വെള്ളൂരിലെ സാധാരണ കുടുംബത്തില്‍പ്പെട്ട അലന്‍ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ബി.ടെക്കിന് ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ വീട്ടുകാര്‍ക്കും ഏറെ സന്തോഷമായിരുന്നു. അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞാല്‍ ജോലിയില്‍ പ്രവേശിക്കാമെന്ന സന്തോഷത്തിലായിരുന്നു അലന്‍. ജോലിയെന്ന സ്വപ്നം പൂവണിയുന്ന നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു വീട്ടുകാരും സ്വപ്‌നം ബാക്കിയാക്കി അവന്‍ യാത്രയായി. കണ്ണീരടക്കാനാവാതെ കുടുംബം.
പൊതുവേ സൗമ്യ സ്വഭാവക്കാരനായിരുന്ന അലന്‍ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരോടും ചിരിച്ചുകൊണ്ടുമാത്രം ഇടപെടുന്ന അലന്റെ വേര്‍പാട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാവുന്നില്ല.
ആന്റണിയെയും അലനെയും കൂടാതെ അമലും യാത്രയായി.കുടുംബത്തിന്റെ പ്രതീക്ഷയാണ് പൊലിഞ്ഞത്. പഠനത്തില്‍ മികവ് പുലര്‍ത്തിയ അമല്‍ മടങ്ങിയപ്പോള്‍ പൊലിഞ്ഞത് അനില്‍-ബിന്ദു ദമ്പതിമാരുടെ പ്രതീക്ഷകളാണ്. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി മകന്‍ നല്ലനിലയില്‍ ജോലിക്ക് കയറുന്നതും കാത്തിരുന്ന വീട്ടുകാര്‍ക്ക് തങ്ങാവുന്നതിലുമധികമായി ഈ വേര്‍പാട്.
അനില്‍ ടിപ്പര്‍ ഓടിച്ചും ബിന്ദു തയ്യല്‍ജോലിക്കും പോയി കിട്ടുന്ന വരുമാനവും ചേര്‍ത്തുവെച്ച് മക്കളുടെ നല്ലഭാവി സ്വപ്നം കണ്ടവര്‍. കഴിഞ്ഞവര്‍ഷമാണ് മകള്‍ ആതിരയുടെ വിവാഹം നടന്നത്. മകന്റെ പഠനം പൂര്‍ത്തിയാകുന്നതും മകള്‍ക്ക് കുഞ്ഞുണ്ടായതുമെല്ലാം ഈ വീട്ടില്‍ സന്തോഷംനിറച്ച ദിനങ്ങളായിരുന്നു. പ്രസവശേഷം ആതിരയും കുഞ്ഞും അടുത്ത ഞായറാഴ്ച ഭര്‍ത്തൃവീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സഹോദരന്റെ വേര്‍പാട്.
പ്രായാധിക്യത്താല്‍ ചികിത്സയിലുള്ള മുത്തച്ഛന്റെ കാര്യങ്ങളെല്ലാം നോക്കിനടത്താന്‍ അമല്‍ മുന്‍പിലുണ്ടായിരുന്നു. പഠനത്തില്‍ ശ്രദ്ധപുലര്‍ത്തുന്ന അമലിന് നാട്ടിലും നല്ല മതിപ്പാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് വെള്ളത്തില്‍ വീണ് മരിച്ചതില്‍ പിന്നെ തനിക്ക് വെള്ളം പേടിയാണെന്ന് പറയുമായിരുന്ന പേരക്കുട്ടിയെ ഓര്‍ത്തായിരുന്നു മുത്തശ്ശിയുടെ സങ്കടമേറെ. അവന് വെള്ളം പേടിയാണ് എന്നിട്ടും ആവെള്ളത്തില്‍ തന്നെ അവനും പെട്ടുപോയല്ലോയെന്നോര്‍ത്ത് കരച്ചിലടക്കാനാവാതെ അലന്റെ മുത്തശ്ശിയും.
മൂവരുടെ വേര്‍പാട് താങ്ങാനാവാതെ കോളേജ് കാമ്പസും. കളിചിരികളും ഗൗരവമേറിയ ക്ലാസുകള്‍ക്കും സാക്ഷ്യംവഹിച്ച എന്‍ജിനീയറിങ് കോളേജ് കാമ്പസ് ശോകമൂകമായി. പാട്ടും നൃത്തവുമായി ആഹ്‌ളാദഭരിതരായി വിനോദയാത്ര പോയ സംഘത്തിലെ മൂന്നുവിദ്യാര്‍ഥികളെ മരണം തട്ടിയെടുത്ത വാര്‍ത്തയുടെ ഞെട്ടലിലാണ് നാട്.
ബുധനാഴ്ച വൈകുന്നേരം 4.30-നാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 77 അംഗസംഘം കോളേജില്‍നിന്ന് രണ്ട് ബസുകളിലായി മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. വ്യാഴാഴ്ച സെന്റ് മേരീസ് ഐലന്‍ഡിലെ ഉഡുപ്പി ബീച്ചില്‍ എത്തിയപ്പോഴാണ് സെല്‍ഫി എടുക്കാന്‍ വിദ്യാര്‍ഥികള്‍ കടലിലിറങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടവിവരം കോളേജില്‍ അറിയുന്നത്. യാത്ര റദ്ദുചെയ്ത് തിരികെ പോരാന്‍ കോളേജ് അധികൃതര്‍ നിര്‍ദേശം നല്‍കി.
" fr
https://www.facebook.com/Malayalivartha