വല്ലാത്തൊരു ട്വിസ്റ്റിലേക്ക്... പ്രായമായെന്ന് പറഞ്ഞ് മൂലക്കിരുത്താന്‍ ശ്രമിച്ച കെവി തോമസ് ശക്തനായി തിരിച്ചു വരുന്നു; ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയെങ്കില്‍ തെറ്റി; കെവി തോമസിന് ഡിവൈഎഫ്‌ഐ വക പിന്തുണയും; കെ.വി.തോമസിനെ തൊട്ടുനോക്ക്, അപ്പോള്‍ കാണാം

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞെങ്കിലും അതിലെ സെമിനാറും അതില്‍ പങ്കെടുത്ത കെവി തോമസുമാണ് ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. കെവി തോമസിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചാനലുകള്‍ പരക്കം പായുകയാണ്. നല്ല റേറ്റിംഗാണ് ഇപ്പോള്‍ തോമസ് മാഷിന്.
ആര്‍ക്കും വേണ്ടാതിരുന്ന തോമസ് മാഷിനെ എളുപ്പത്തില്‍ പുറത്താക്കാതിരിക്കാനും കാരണം കമ്മയൂണിസ്റ്റുകാരാണ്. എംവി ജയരാജന്‍ കൊളുത്തിയ തിരിക്ക് ഇപ്പോള്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ. റഹീമും രംഗത്തെത്തി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ വെല്ലുവിളിച്ചാണ് എ.എ.റഹീം രംഗത്തെത്തിയത്. ധൈര്യമുണ്ടെങ്കില്‍ കെ.വി. തോമസിനെ സുധാകരന്‍ ഒന്നു തൊട്ടുനോക്ക്, അപ്പോള്‍ കാണാം. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റഹീം.
തോമസിനെ പോലും നിലയ്ക്ക് നിര്‍ത്താനാകാത്ത സുധാകരനു പണി നിര്‍ത്തിക്കൂടെയെന്നും റഹീം ചോദിച്ചു. ജമാഅത്തെ ഇസ്‌ലാമിയുമായി സംബന്ധം കൂടാം, കോണ്‍ഗ്രസ് സിപിഎമ്മുമായി വേദി പങ്കിടില്ല. ഇതാണ് അവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെവി തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം തുടങ്ങി. പാര്‍ട്ടിയുടെ വിലക്കു ലംഘിച്ചു സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാവശ്യപ്പെട്ട് കെ.വി.തോമസിനു കോണ്‍ഗ്രസ് ദേശീയ അച്ചടക്ക സമിതി കാരണംകാണിക്കല്‍ നോട്ടിസ് അയച്ചു. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ശുപാര്‍ശ കണക്കിലെടുത്താണ് എ.കെ.ആന്റണിയുടെ അധ്യക്ഷതയില്‍ സമിതി ഇന്നലെ യോഗം ചേര്‍ന്നത്.
കെവി തോമസിന്റെ വിശദീകരണം പരിശോധിക്കാന്‍ സമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച ശുപാര്‍ശ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു കൈമാറും. എഐസിസി അംഗങ്ങളായതിനാലാണ് തോമസിന് നടപടികള്‍ ദേശീയ സമിതി കൈകാര്യം ചെയ്യുന്നത്.
ഇന്നലെയും കെവി തോമസിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി.തോമസെന്ന് കെ. സുധാകരന്‍ പറഞ്ഞു. കിട്ടിയ അധികാരം അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്ന് പരിഹാസം. അജന്‍ഡ തനിക്കുവേണ്ടിയാണോ, മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എന്നറിഞ്ഞാല്‍ മതി.
അദ്ദേഹത്തിനെതിരെയുള്ള സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞല്ല. അങ്ങനെ തെളിയിച്ചാല്‍ തോമസ് മാഷിനു മുന്നില്‍ കുമ്പിട്ട് നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഉത്തരവാദപ്പെട്ട പദവികള്‍ വഹിച്ച, പാര്‍ട്ടിയുടെ ഭാഗമായി നിന്ന കെ.വി.തോമസിന്റെ നടപടി പാര്‍ട്ടിയെ വഞ്ചിക്കുന്നതിനു തുല്യമാണ്. ഒരു രാഷ്ടീയ പാര്‍ട്ടിയുടെ സെമിനാറില്‍ പങ്കെടുക്കുന്നതിനെയല്ല എതിര്‍ത്തത്.
കോണ്‍ഗ്രസുകാരെ കൊന്നുതള്ളിയ പാര്‍ട്ടിയുടെ വേദിയില്‍ പോയതിനാണ് എതിര്‍പ്പ്. ഒരു വര്‍ഷമായി തോമസ് സിപിഎമ്മുമായി ധാരണയിലായിരുന്നു. തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനു പങ്കില്ല. മറിച്ചു തെളിയിച്ചാല്‍ തോമസിനു മുന്നില്‍ കുമ്പിട്ടു നില്‍ക്കാം. ഭയങ്കര കോണ്‍ഗ്രസ് വികാരമാണു തോമസിനെന്നും അദ്ദേഹം കളിയാക്കി.
അതേസമയം തോമസ് ഒട്ടും പിന്നോട്ടില്ല. കോണ്‍ഗ്രസുകാരനായാണു താന്‍ സെമിനാറില്‍ പങ്കെടുത്തതെന്നും ഇതിനു മുന്‍പും കോണ്‍ഗ്രസ് നേതാക്കള്‍ മറ്റു പാര്‍ട്ടികളുടെ പരിപാടികളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും നോട്ടിസിനുള്ള മറുപടിയില്‍ തോമസ് ചൂണ്ടിക്കാട്ടും. അച്ചടക്ക സമിതിയംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരവും തേടും. തോമസ് ഈയാഴ്ച ഡല്‍ഹിയിലെത്തുമെന്നാണു വിവരം. ബാക്കിയടി അവിടെവച്ചാകും.
https://www.facebook.com/Malayalivartha























