പിതാവിന്റെ ഭീഷണിയിൽ ഇരയായി ആറു മാസം പ്രായമുള്ള കുഞ്ഞ്!കൊല്ലുമെന്ന ഭീഷണി മുഴക്കിയ പിതാവ് ബന്ധുക്കളെയും നാട്ടുകാരെയും മുൾമുനയിലാക്കിയത് 5 മണിക്കൂർ !അവശനായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം കോട്ടക്കലിൽ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു കൊലപ്പെടുത്തുമെന്നു പിതാവിന്റെ ഭീഷണി. ഇരുനില വീടിനു മുകളിൽ കയറി നിന്നാണ് പിതാവ് ഭീഷണി മുഴക്കിയത്. ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 21 വയസ്സുകാരനാണു പിതാവ്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. എന്നാൽ ഇവരുടെ അനുരഞ്ജന ശ്രമങ്ങളും ഫലംകണ്ടില്ല.അഞ്ചര മണിക്കൂർ തുടർന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്‌പ്പെടുത്തി.
ഒടുവിൽ ബന്ധു ഇയാളെ അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങിയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പിന്നാലെ പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് ഇയാളെ താഴെയിറക്കി. കഴിഞ്ഞ കുറേ നാളായി ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു കൂടാതെ പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നതായും വീട്ടുക്കാർ പറയുന്നു.രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാട്ടുക്കാരെയും വീട്ടുക്കാരെയും മുൾമുനയിൽ നിർത്തിയത്.
യുവാവിന്റെ ഭാര്യാപിതാവും യുവാവിനെ അനുനയിപ്പിക്കാനായി വീടിന് മുകളിൽ കയറി. ഇദ്ദേഹം കുഞ്ഞിനെ കൈമാറാൻ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് യുവാവ് തന്നെ ഭാര്യാപിതാവിന് കുഞ്ഞിനെ കൈമാറുകയായിരുന്നു.
കുഞ്ഞിന്റെ ജീവൻ സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പൊലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും വീടിന് മുകളിൽ കയറി യുവാവിനെ കീഴടക്കി.അഞ്ചരമണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനായ കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha
























