'എത്ര വിദ്യാഭ്യാസ നിലവാരമുണ്ടെന്ന് പറഞ്ഞാലും എത്ര സാമൂഹിക ഉന്നതി ഉള്ള വീട്ടുകാരാണെന്ന് പറഞ്ഞാലും പുതിയൊരു പെൺകുട്ടി വരുന്ന നിമിഷം തൊട്ടു അവളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒരുപാട് പേര് നമ്മളുടെ ചുറ്റിലും തന്നെ ഉണ്ട്. തങ്ങൾ അനുഭവിച്ച അവഗണനയും ഗാർഹിക പീഡനങ്ങളും ഈ തലമുറയിലെ പെൺകുട്ടികൾ കൂടി അനുഭവിക്കണം എന്ന വിഷം മനസ്സിൽ കൊണ്ട് നടക്കുന്ന സ്ത്രീകളുണ്ട്...' വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസമാണ് എംസിഎ ബിരുദധാരിയായ ഒരു പെൺകുട്ടി കൂടി ഭർതൃ വീട്ടിലെ ഗാർഹിക പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തത്. കൊല്ലത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത്തരത്തിൽ സംഭവങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ഇതിന് യാതൊരു വിധത്തിലും മാറ്റം വരില്ലേ എന്ന് ചോദിക്കുകയാണ് ഏവരും. ഒന്നുകില്‍ ഒറ്റയ്ക്ക് അനുഭവിച്ചു തീർക്കും, അതിനും കഴിഞ്ഞില്ലെങ്കിൽ ഒരു മുഴം കയറിൽ എല്ലാം അവസാനിക്കും. ഭർതൃവീട്ടിലെ പീഡനം താങ്ങാനാകാതെ മരിച്ച സുവ്യയെന്ന പെൺകുട്ടിയുടെ വാക്കുകളാണ് ഇത്.
ഇത്തരത്തിൽ വേദനകളെ മരണം കൊണ്ട് തോൽപ്പിച്ച ഒടുവിലത്തെ പെണ്ണ്. ഭർതൃമാതാവിന്റെ കുത്തുവാക്കുകളും മാനസിക പീഡനങ്ങളും സഹിച്ച് കഴിയേണ്ടി വന്ന ഈ കൊല്ലം സ്വദേശി സ്വന്തം കുഞ്ഞ് ഉൾപ്പെടെയുള്ള ഭൂമിയിലെ സകല ബന്ധങ്ങളേയും ഈ മണ്ണിൽ ഉപേക്ഷിച്ച് മരണം തെരഞ്ഞെടുക്കുകയാണ് ചെയ്തത്. അത്തരത്തിൽ സുവ്യയുടെ മരണം വേദനയാകുമ്പോൾ ഹൃദയംതൊടുന്നൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്നലെ എംസിഎ ബിരുദധാരിയായ ഒരു പെൺകുട്ടി കൂടി ഭർതൃ വീട്ടിലെ ഗാർഹിക പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേൾക്കുന്നവർക്ക് പോലും വിഷമം ആവുന്ന അവരുടെ വോയ്സ് ക്ലിപ് സോഷ്യൽ മീഡിയയിൽ ഉണ്ട്. ഭർത്താവിൻ്റെ അമ്മയാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നത് വളരെ വ്യക്തമായി അവരു പറഞ്ഞിട്ടുണ്ട്. ഈ സംഭവം നടന്നത് കൊല്ലത്ത് ആണ് എന്നത് കൊണ്ട് ഇതൊക്കെ ആ നാട്ടിലെ നടക്കൂ എന്ന് പറഞ്ഞു മറ്റു നാടുകളിൽ ഗാർഹികപീഡനം ഇല്ല എന്നു പറയുന്ന നിഷ്കളങ്കത ആവശ്യമില്ല. ഇത്തരത്തിൽ കുറേ കഥാപാത്രങ്ങൾ എല്ലാ നാടുകളിലും ഉണ്ട്.
നമ്മളുടെ സാമൂഹിക വ്യവസ്ഥയിൽ വിവാഹം കഴിഞ്ഞാൽ പെൺകുട്ടി താമസിക്കാൻ ചെല്ലുന്ന വീട്ടിലെ ആളുകളുടെ സ്വഭാവം അവളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് വലിയ ചർച്ചകൾ ഒന്നും നടക്കാറില്ല. സ്ത്രീകൾ ഭൂമിയോളം ക്ഷമിക്കണം എന്നാണല്ലോ നാട്ടുനടപ്പ്. ഭർതൃ വീട്ടിൽ ചെന്ന് കേറുന്ന നിമിഷം മുതൽ അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബോധം ഉറച്ച നാള് മുതൽ തന്നെ പരിശീലിപ്പിക്കപ്പെട്ടവരാണ് നമ്മളുടെ പെൺകുട്ടികൾ. എത്ര വിദ്യാഭ്യാസ നിലവാരമുണ്ടെന്ന് പറഞ്ഞാലും എത്ര സാമൂഹിക ഉന്നതി ഉള്ള വീട്ടുകാരാണെന്ന് പറഞ്ഞാലും പുതിയൊരു പെൺകുട്ടി വരുന്ന നിമിഷം തൊട്ടു അവളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒരുപാട് പേര് നമ്മളുടെ ചുറ്റിലും തന്നെ ഉണ്ട്.
പലപ്പോഴും വീട്ടിലെ സ്ത്രീകളായ അമ്മായിഅമ്മ , നാത്തൂൻ ഒക്കെ തന്നെയാണ് നിർഭാഗ്യവശാൽ ഇത്തരം മാനസിക വൈകൃതങ്ങൾ കാണിക്കാറുള്ളത്. ഇനി ചില ഇടങ്ങളിൽ ഇവർ തങ്ങളുടെ ചുറ്റും ഉള്ള പുരുഷന്മാരെ കരുക്കൾ ആക്കി നിഷ്കളങ്കതയുടെ കുപ്പായം ഇട്ടു നവ വധുവിനെ നല്ല പോലെ ദ്രോഹിക്കും. പ്രത്യക്ഷത്തിൽ തെളിഞ്ഞ വെള്ളത്തിൽ നിൽക്കുകയും എന്നാൽ ഗാർഹിക പീഡനത്തിൻ്റെ സൂത്രധാരരായ ഇത്തരക്കാരെ പലപ്പോഴും ആളുകൾ തിരിച്ചറിയുകയുമില്ല. നാടകം കളിക്കാൻ മിടുക്കരായ ഇക്കൂട്ടരെ മനസ്സിലാക്കി തുടങ്ങിയാൽ എത്ര അകറ്റി നിർത്താമോ അത്രയും അകറ്റി നിർത്തിയത് കൊണ്ട് ജീവൻ എങ്കിലും തിരികെ കിട്ടിയ ആളുകളുണ്ട്.
മകൻ്റെ പണം , ജോലി ഒക്കെ തങ്ങളുടെ സൗകര്യത്തിന് വേണ്ടി മാത്രമാണ് എന്ന് ചിന്തിക്കുന്നവർ ദയവു ചെയ്തു സ്വന്തം ആൺമക്കളെ കല്യാണം കഴിപ്പിക്കരുത്. സമൂഹത്തിൻ്റെ മുന്നിൽ തങ്ങളുടെ കടമ നിർവഹിച്ചു എന്നു വരുത്തി തീർത്തു , ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കുന്ന ആളുകളുടെ പേരും മാതാപിതാക്കൾ എന്നാണ്. സഹോദര ഭാര്യയെ ആവും വിധം ദ്രോഹിക്കാൻ ചരട് വലിക്കുന്നവരുടെ പേരും സഹോദരങ്ങൾ എന്നത് അടുത്ത തമാശ!
റാണി പത്മിനി എന്ന സിനിമയിൽ മഞ്ജു വാര്യരോട് സജിത മഠത്തിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് . തൻ്റെ അമ്മായിയമ്മ വീൽ ചെയറിൽ ആവുന്ന വരെ നടന്നത് നെഞ്ചിലൂടെ ആയിരുന്നു എന്നത്. അത് കൊണ്ട് തൻ്റെ മരുമകളും തനിക്ക് അടങ്ങി ജീവിക്കണം എന്ന ധ്വനി പറയാതെ പറയുന്ന ആ കഥാപാത്രത്തിനെ പോലെ ജീവിക്കുന്ന ഒരുപാട് പേരുണ്ട് പല വീടുകളിലും. തങ്ങൾ അനുഭവിച്ച അവഗണനയും ഗാർഹിക പീഡനങ്ങളും ഈ തലമുറയിലെ പെൺകുട്ടികൾ കൂടി അനുഭവിക്കണം എന്ന വിഷം മനസ്സിൽ കൊണ്ട് നടക്കുന്ന സ്ത്രീകളുണ്ട്.
അത് പോലെയുളളവർ കാരണം ആത്മഹത്യ ചെയ്യുന്നവരും മരിച്ചു ജീവിക്കുന്നവരുമായ പെൺകുട്ടികൾ ഉള്ള നാടാണ് ഇത്. മകനോടുള്ള സ്നേഹത്തിന് അവനെ അവൻ്റെ ഇഷ്ടത്തിന് ജീവിക്കാൻ വിടാതെ തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി അവൻ്റെ കുടുംബ ജീവിതം നശിപ്പിക്കുന്ന സ്ത്രീകളോട് അമ്മയെന്ന പരിഗണന ഒന്നും കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ല. പലപ്പോഴും ഇത്തരക്കാർ മക്കളെ നിശബ്ദരാക്കാൻ എടുത്ത് ഉപയോഗിക്കുന്ന ഇമോഷണൽ കാർഡ് അവരെ പെറ്റ പത്തു മാസക്കണക്കാണ്. മക്കളോടും മക്കളുടെ പങ്കാളികളോടും പേരക്കുട്ടികളോടും മാന്യമായ പെരുമാറ്റം നടത്താത്ത ഒരാളോടും യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചയും നടത്തേണ്ട ബാധ്യത പെൺകുട്ടികൾക്കോ അവരുടെ വീട്ടുകാർക്കോ ഇല്ല.
അമ്മ എന്ന വാക്കിനെ ഓവർ റേറ്റഡ് ആക്കി മറ്റൊരു പെൺകുട്ടിയുടെ ജീവിതത്തിൻ്റെ ഗതി മാറ്റുന്ന സ്ത്രീകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാവരും തയ്യാറാവണം. സ്വന്തം വീട്ടിൽ കയറി വരുന്ന പെൺകുട്ടികളെ അമ്മയോ അച്ഛനോ സഹോദരങ്ങളോ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് തിരിച്ചറിഞ്ഞാൽ ആ സാഹചര്യങ്ങളിൽ നിന്നും മാറി പങ്കാളിയോടൊപ്പം നിൽക്കുന്നവനാണ് യഥാർത്ഥ പങ്കാളി. അതോടൊപ്പം എത്ര വലിയ ബന്ധു ആണെങ്കിലും ഇത്തരത്തിൽ പെൺകുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ കാണുമ്പോൾ ബന്ധു സ്നേഹം കാണിക്കുന്നത് വഴി സ്വന്തം വ്യക്തിത്വം ഇല്ലാതാകുന്ന ഏർപ്പാട് ബന്ധുക്കളും അയൽവാസികളും നാട്ടുകാരും ചെയ്യേണ്ടതാണ് . പുറത്ത് ചിരിച്ച മുഖവുമായി കാരുണ്യം വാരി വിതറുന്ന പലരും മക്കളുടെ ഭാര്യമാരോട് ചെയ്യുന്ന ക്രൂരത ആളുകൾ അറിഞ്ഞാൽ തനിച്ച് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടും എന്നതാണ് സത്യം.
സ്വന്തം പെൺകുട്ടികളെ എല്ലാ തരത്തിലും തങ്ങളുടെ ചിറകിൻ്റെ ഉള്ളിൽ സുരക്ഷിതത്വം ഉറപ്പു വരുത്തി മകൻ്റെ ഭാര്യയെ സ്വന്തം വീട്ടുകാരെ പോലും കാണിക്കാൻ സമ്മതിക്കാത്ത ഇഷ്ടം പോലെ ആളുകൾ ഉണ്ട്. ഗതികെട്ട് ഇറങ്ങി പോവുന്ന പെൺകുട്ടികളെ ഇനി അത്തരത്തിൽ മോശമായ രീതിയിൽ ഒരു പെരുമാറ്റവും ഉണ്ടാവില്ല എന്ന ഉറപ്പ് നൽകി തിരികെ കൊണ്ട് വന്നു കൊടും പീഡനം നടത്തി കൊല്ലാക്കൊല ചെയ്യുന്ന ഇടങ്ങൾ. ഇതിലും ഭേദം മരണം ആണെന്ന് തോന്നി ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകൾ മാത്രമേ പുറത്ത് വരുന്നുള്ളൂ. മരിച്ചു കൊണ്ട് ജീവിക്കുന്ന പെൺകുട്ടികളെ ഈ നരകത്തിൽ നിന്നും മോചിപ്പിക്കാൻ പറ്റുന്ന രീതിയിൽ നമ്മളുടെ നിയമവും സമൂഹവും വളർന്നു വരട്ടെ.
അഞ്ജലി ചന്ദ്രൻ
https://www.facebook.com/Malayalivartha
























