നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്....

നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് 1.45-ന് വിധി പറയുക ജസ്റ്റിസ് സിയാദ് റഹ്മാനാണ് .
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത് കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്നുമാണ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ, കേസിലെ ഏഴാം പ്രതിയും സൈബര്‍ വിദഗ്ധനുമായ സായ് ശങ്കര്‍ തിങ്കളാഴ്ച ഉച്ചയോടെ ചോദ്യംചെയ്യലിന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായി. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ദിലീപിന്റെയും അഭിഭാഷകരുടെയും നിര്‍ദേശപ്രകാരം ഡലീറ്റ് ചെയ്തതായി ഇയാള്‍ സമ്മതിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ രഹസ്യ സ്വഭാവമുള്ള കോടതി രേഖകളെല്ലാം എട്ടാം പ്രതി ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോടതിയുടെ നിലപാട് നിര്‍ണ്ണായകമായേക്കും. അതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ വധ ഗൂഢാലോചന കേസില്‍ ദിലീപിനെ തളയ്ക്കാനും അന്വേഷണ സംഘം ശ്രമം ആരംഭിച്ചു കഴിഞ്ഞു.
ഫോണില്‍ നിന്ന് വീണ്ടെടുത്ത തെളിവുകളും ഉടന്‍ കോടതിയില്‍ ഹാജരാക്കും. കാവ്യാ മാധവനെ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ സാക്ഷിയെന്നതിന് അപ്പുറമുള്ള പരിഗണനയില്‍ ചോദ്യം ചെയ്യാനാണ് ആലോചനയിലുള്ളത്.
സാക്ഷിയായി ചോദ്യം ചെയ്യാന്‍ നല്‍കിയ ആദ്യ നോട്ടീസില്‍ കാവ്യ അനുകൂലമായി പ്രതികരിച്ചില്ല. ആലുവയിലെ പത്മസരോവരമെന്ന വീട്ടിലാണ് താനുള്ളതെന്നും അവിടെ എത്തി ചോദ്യം ചെയ്യണമെന്നുമാണ് കാവ്യ ആവശ്യപ്പെട്ടത്. എന്നാല്‍ കാവ്യ ആലുവയിലെ പ്തമസരോവരത്തില്‍ അല്ല സ്ഥിരമായി താമസിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. കൊച്ചിയിലെ മറ്റൊരു വീട്ടിലാണ് കാവ്യയുള്ളത്. ഇവിടേക്ക് ദിലീപ് എത്തുകയാണ് പതിവാണ്. ഈ സാഹചര്യത്തില്‍ പത്മസരോവരത്തിലെ പിടിവാശി അനാവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാല്‍ സാക്ഷിയെന്ന നിലയില്‍ സ്ത്രീയ്ക്കുള്ള അവകാശമാണ് സാക്ഷിയായി മൊഴി നല്‍കാനുള്ള സ്ഥലം തെരഞ്ഞെടുക്കല്‍. ഈ സാഹചര്യത്തിലാണ് സംശയ നിഴലിലുള്ള വ്യക്തിയെന്ന അര്‍ത്ഥത്തില്‍ ചോദ്യം ചെയ്യലിനുള്ള ആലോചന.
ദിലീപിന്റെ സഹോദരന്‍ അനൂപിനോടും സഹോദരീ ഭര്‍ത്താവ് സുരാജിനോടും ഇന്ന് ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാ മാധവനോടു വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിക്കുക.
നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാന്‍ ഹാജരാകാത്ത സാഹചര്യത്തില്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അനൂപിനേയും സുരാജിനേയും ചോദ്യം ചെയ്യുമ്പോള്‍ കാവ്യയ്ക്കെതിരെ കൂടുതല്‍ തെളിവ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ സാക്ഷിക്ക് അപ്പുറമുള്ള പരിഗണനയില്‍ കാവ്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കും.
ഇതിനിടെയാണ് കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടിയ സംഭവത്തില്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ നിര്‍ണ്ണായക നീക്കങ്ങളും ചര്‍ച്ചയാകുന്നത്. വിചാരണ കോടതിയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും.
"
https://www.facebook.com/Malayalivartha
























