വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ പടക്കം വില്‍പ്പനക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണലിനു ശേഷം വിജയാഘോഷങ്ങള്‍ നടത്തുന്നതിനു തടസമില്ല. എന്നാല്‍ ആഘോഷങ്ങള്‍ അതിരു കടന്നാലോ സംഘര്‍ഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കും.
കോഴിക്കോട് ജില്ലയിലെ സ്‌ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ചട്ടലംഘനമില്ലെന്നും കലക്ടര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്‌ട്രോങ് റൂമുകള്‍ തുറന്നിട്ടില്ലെന്നും കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണ്. സ്‌ട്രോങ് റൂമിനു സമീപം ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചു എന്ന പരാതി പരിശോധിച്ചു. അത്തരത്തില്‍ യാതൊരുവിധ ക്രമക്കേടുകളും നടന്നതായി ബോധ്യപ്പെട്ടിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.
ആരോപണവിധേയരായ പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിന്റെ മൊഴി ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് തീരുമാനം. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റണമെന്ന ആവശ്യം തള്ളിയതോടൊപ്പം, ഇവര്‍ക്കെതിരെ മറ്റ് നടപടികളും ഉണ്ടാകില്ല. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് എത്തിയ സംഭവം പതിവ് പരിശോധനയുടെ ഭാഗമായിരുന്നുവെന്നും, അതില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടപടികളില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























