കൈരളി റ്റി.എം. റ്റി സ്റ്റീല്‍ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി ബില്‍ തട്ടിപ്പ്... റിമാന്റിലുള്ള ഡയറക്ടര്‍ ഹുമയൂണിന്റെ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ ഉത്തരവ്

കൈരളി റ്റി.എം. റ്റി സ്റ്റീല്‍ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി (ചരക്കു സേവന നികുതി) ബില്‍ വെട്ടിപ്പ് കേസില്‍ റിമാന്റിലുള്ള ഡയറക്ടര്‍ ഹുമയൂണിന്റെ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തലസ്ഥാനത്തെ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോടും ജി എസ് റ്റി ഇന്റലിജന്റ്‌സ് ഓഫീസറോടും നിര്‍ദേശിച്ചത്.
ഏപ്രില്‍ 20 മുതല്‍ റിമാന്റിന്‍ കഴിയുന്ന പ്രതി കൈരളി റ്റി.എം.റ്റി സ്റ്റീല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കവേയാണ് എ. സി.ജെ.എം വിവിജ രവീന്ദ്രന്‍ നിലപാടറിയിക്കാന്‍ ഉത്തരവിട്ടത്.
2020 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് കഞ്ചിക്കോട്ടും തമിഴ്‌നാട് സേലത്തും സ്റ്റീല്‍ ബാറുകള്‍ അടക്കമുള്ള കെട്ടിട നിര്‍മ്മാണ ഫാക്ടറിയുള്ള പ്രമുഖ കമ്പനിയാണ് കള്ളിയത്ത് റ്റി എം റ്റി. ഒരു വര്‍ഷത്തില്‍ ആയിരം കോടിയുടെ വിറ്റു വരവുള്ള സ്ഥാപനമെന്നവകാശപ്പെടുന്ന കമ്പനി സിനിമാ താരം ജയറാം , മോഹന്‍ലാല്‍ എന്നിവരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി പരസ്യം ചെയ്തു പോരുന്നതുമാണ്.
കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ 400 കോടി രൂപയുടെ വ്യാജ വില്‍പ്പന രേഖയുണ്ടാക്കി 43 കോടി രൂപ ജി എസ് റ്റി ക്രെഡിറ്റ് അപഹരിച്ചെടുത്ത് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാണ് കേസ്. ഹുമയൂണ്‍ തന്റെ പേരില്‍ ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ വ്യാജ വിലാസത്തില്‍ ആണ് ബില്ലുകള്‍ ഉണ്ടാക്കി പണം തട്ടിയെടുത്തത്.
തിരുവനന്തപുരം ജി എസ് റ്റി ഇന്റലിജന്റ്‌സ് യൂണിറ്റാണ് കുറ്റകൃത്യം കണ്ടെത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha
























