വലഞ്ഞ് യാത്രക്കാർ... ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞു വീഴ്ച....ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു

ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ വലഞ്ഞ് യാത്രക്കാർ. മഞ്ഞുവീഴ്ച ശക്തമായതോടെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു.
ജമ്മു കശ്മീരിലെ കിഷ്ത്വാർ, കുൽഗാം, ബന്ദിപ്പോറ, ശ്രീനഗർ, പുൽവാമ, കുപ്‌വാര എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നവ്യുഗ് ടണലിന് സമീപം മഞ്ഞ് അടിഞ്ഞുകൂടിയതിനെത്തുടർന്ന് ദേശീയപാത 44-ൽ വാഹനസഞ്ചാരം നിരോധിച്ചിരിക്കുകയാണ്. മുഗൾ റോഡ്, എസ്എസ്ജി റോഡ് തുടങ്ങിയ പ്രധാന പാതകളും നിലവിൽ അടച്ചിരിക്കുകയാണ്.
ഹിമാചൽപ്രദേശിലും മഞ്ഞ് വീഴ്ച അതിശക്തമായിട്ടുണ്ട്. മോശം കാലാവസ്ഥയിൽ സംസ്ഥാനത്തെ 1,250ലധികം റോഡുകൾ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയിലാണ്. പ്രധാന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികൾ തുടരുന്നു.
മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയ സഞ്ചാരികൾ പലരും ഗതാഗത കുരുക്കിനെ തുടർന്ന് മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ ശുചിമുറിയോ ഇല്ലാതെ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha
























