ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ കേരളത്തിൽ ഒഴുക്കുന്നത് മദ്യപ്പുഴ; 'പള്ളീലച്ചന്മാർക്ക് വൈൻ നിർമ്മിക്കാൻ അനുവാദം ഞങ്ങൾ കൊടുക്കുന്നുണ്ട്' എന്നു പറഞ്ഞത് ഞങ്ങൾ മറന്നിട്ടില്ല! പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കിൽ ഞങ്ങൾക്കത് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണ്, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
മുഖ്യമന്ത്രിമാരേയും ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി രംഗത്ത് എത്തിയിരിക്കുകയാണ്. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. മദ്യനയം പ്രഖ്യാപിക്കുമ്പോൾ കത്തോലിക്കാ സഭയെ പരിഹസിക്കാനെന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയൻ 'പള്ളീലച്ചന്മാർക്ക് വൈൻ നിർമ്മിക്കാൻ അനുവാദം ഞങ്ങൾ കൊടുക്കുന്നുണ്ട്' എന്നു പറഞ്ഞതു മറന്നിട്ടില്ലെന്നും അദ്ദേഹം പായുകയായിരുന്നു.
കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്. തലശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷനായി കഴിഞ്ഞ ഇരുപതാം തീയതിയാണ് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റത്.
അതോടൊപ്പം തന്നെ പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കിൽ ഞങ്ങൾക്കത് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണെന്നും ആ തിരുരക്തത്തെ ചാരിനിർത്തിക്കൊണ്ടാണ് താങ്കൾ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ ശ്രമിക്കുന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും അദ്ദേഹം പറയുകയായിരുന്നു. സർക്കാരിനോ മുന്നണിക്കോ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ ആത്മാർഥതയുണ്ടെങ്കിൽ അധികാരത്തിലേറി 6 വർഷം കൊണ്ട് മദ്യശാലകൾ പത്തിരട്ടിയാക്കിയത് റദ്ദു ചെയ്ത് ജനങ്ങളോട് മാപ്പു പറയണമെന്നും ആർച്ച്ബിഷപ് തുറന്നടിച്ചു.
അതേസമയം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് അധ്യക്ഷത വഹിക്കുകയുണ്ടായി. തലശ്ശേരി ആർച്ച്ബിഷപ് ഇമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറൽ കൺവീനർ ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ, മോൺ.തോമസ് തൈത്തോട്ടം, ആന്റണി മേൽവട്ടം, തങ്കച്ചൻ കൊല്ലക്കൊമ്പിൽ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























