ജനജീവിതം ദുസ്സഹമാകുന്നു...ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വര്‍ദ്ധനവിനു പിന്നാലെ രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു, വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്, ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി

ജനജീവിതം ദുസ്സഹം...രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്.
ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ 2253 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകള്‍ക്ക് കുത്തനെ വില വര്‍ദ്ധിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് അടിക്കടി വില വര്‍ദ്ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് തിരിച്ചടിയാവും.
അതേസമയം ബസ്, ഓട്ടോ, ടാക്സി പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവിലായി. ഓര്‍ഡിനറി ബസുകള്‍ക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും...വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല, പഴയനിരക്ക് തുടരും.
ടാക്സി, നാലുചക്ര ഓട്ടോ എന്നിവയുടെ നിരക്കുകളും വര്‍ദ്ധിക്കും. ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആര്‍.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കുകളും കൂടും. ഓര്‍ഡിനറിയുടെ മിനിമം യാത്രാദൂരം 2.5 കിലോമീറ്ററായി നിലനിര്‍ത്തിയെങ്കിലും ഫാസ്റ്റില്‍ കുറഞ്ഞനിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാവുന്നതാണ്. സൂപ്പര്‍ഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്.
എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്ളോര്‍ എ.സി. എന്നിവയുടെ കുറഞ്ഞനിരക്ക് കൂട്ടിയിട്ടില്ല.
മിനിമം നിരക്ക് മാറ്റാതെ തന്നെ സൂപ്പര്‍ എക്സ്പ്രസുകളില്‍ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ സഞ്ചരിക്കാവുന്നത്. ഇനി 28 രൂപയ്ക്ക് 15 കിലോമീറ്റര്‍ സഞ്ചരിക്കാവുന്നതാണ്.
കെ.എസ്.ആര്‍.ടി.സി. നോണ്‍ എ.സി ജന്റം ബസുകളുടെ കുറഞ്ഞനിരക്ക് 13 രൂപയില്‍നിന്ന് 10 ആക്കി കുറച്ചു. 2.5 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന ദൂരം.
ജന്റം എ.സി. ബസുകളുടെ കുറഞ്ഞനിരക്ക് 26 രൂപയായി നിലനിര്‍ത്തി. കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍നിന്ന് 1.75 രൂപയായി കുറച്ചു. എ.സി. ലോഫ്ലോറില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചുകിലോമീറ്ററാണ്. വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല. പഴയനിരക്ക് തുടരുകയും ചെയ്യും.
ബസ് ചാര്‍ജ് വര്‍ദ്ധനവും ഓട്ടോ,ടാക്‌സി നിരക്ക് വര്‍ദ്ധനവും, പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് ഇതിനെല്ലാം പുറമേ ഇപ്പോള്‍ പാചക വാതക വില വര്‍ദ്ധിച്ചതും ജനജീവിതത്തെ ആകെ താറുമാറിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























