സുബൈര്‍ കൊലക്കേസ്.... ഗൂഢാലോചനയില്‍ പങ്കാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍; മരുതറോഡ് ആലമ്പള്ളം സ്വദേശി ശ്രുബിന്‍ലാല്‍ ആണ് അറസ്റ്റിലായത്

പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മരുതറോഡ് ആലമ്പള്ളം സ്വദേശി ശ്രുബിന്‍ലാല്‍ (30) ആണ് അറസ്റ്റിലായത്. ഗൂഢാലോചനയില്‍ പങ്കാളിയായ ഇയാള്‍ ആര്‍എസ്എസ് മുന്‍ ഭാരവാഹിയും പ്രചാരകനുമാണെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ കൊലയില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ എലപ്പുള്ളി സ്വദേശി രമേഷ്, എടുപ്പുകുളം സ്വദേശി ആറുമുഖന്‍, കല്ലേപ്പുള്ളി ശരവണന്‍, അട്ടപ്പള്ളം സ്വദേശി മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു പ്രസാദ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആര്‍എസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണു പ്രതികള്‍ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണു കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 15 നാണ് സുബൈര്‍ കൊല്ലപ്പെട്ടത്.
പ്രതികളെല്ലാം ആര്‍എസ്എസ് ബിജെപി ബന്ധമുള്ളവരാണ്. ഇവര്‍ കൊലപാതകശേഷം രക്ഷപെട്ട കാര്‍ കഞ്ചിക്കോട് ഉപേക്ഷിച്ച് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈര്‍ വധത്തിനുപിന്നിലെന്നാണ് നേരത്തെ അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്.
കേസില്‍ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha





















