കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്... 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും 7 ലക്ഷം രൂപ പിഴയും, പിഴ ഒടുക്കിയില്ലങ്കില്‍ ഓരോ വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം

നേമം വെള്ളായണി അല്‍തസ്ലീം വീട്ടില്‍ കബീര്‍ മകന്‍ റഫീഖിനെ(24) കാറ്റാടിക്കഴ കൊണ്ട് അടിച്ചു കൊന്ന കേസിലെ 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും പ്രതികള്‍ ഓരോരുത്തരും 1 ലക്ഷം രൂപ വീതം 7 ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷ വിധിച്ചു.
ശിക്ഷയനുഭവിക്കാന്‍ കണ്‍വിക്ഷന്‍ വാറണ്ട് പ്രകാരം പ്രതികളെ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. പിഴ ഒടുക്കിയില്ലങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്ത തടവിന് പുറമേ അന്യായമായി സംഘം ചേര്‍ന്നതിന് ഒരു വര്‍ഷം കഠിനതടവും, സംഘടിച്ച് ലഹള നടത്തിയതിന് ഒരു വര്‍ഷം കഠിന തടവും, അന്യായ തടസ്സം ചെയ്തതിന് 1 മാസം സാധാരണ തടവും ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ അനുഭവിക്കണം.
മാരകായുധങ്ങള്‍ കൈവശം വച്ച് ലഹളനടത്തിയ ഒന്നു മുതല്‍ നാലുവരെ പ്രതികളായ അന്‍സക്കീര്‍, നൗഫല്‍, ആരിഫ്, മാലിക് എന്നിവര്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
കൊല്ലപ്പെട്ട റഫീക്കിന്റെ ആശ്രിതര്‍ക്ക് ഭാവി നന്മക്കായി മതിയായ തുക ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വെള്ളായണി കാരയ്ക്കാമണ്ഡപം സ്വദേശികളായ അമ്പലത്തിന്‍വിള അന്‍സക്കീര്‍ മന്‍സിലില്‍ ദസ്തഗീര്‍ മകന്‍ അന്‍സക്കീര്‍(28), കാരയ്ക്കാമണ്ഡപം ശിവന്‍കോവിലിന് സമീപം ഹുസൈന്‍ മകന്‍ നൗഫല്‍(27), കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മന്‍സ്സിലില്‍ മാഹീന്‍ മകന്‍ ആരിഫ്(30) ആറ്റുകാല്‍ ബണ്ട് റോഡില്‍ ശിവഭവനത്തില്‍ ശശികുമാര്‍ മകന്‍ സനല്‍കുമാര്‍ എന്ന് വിളിക്കുന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എന്‍.വി കോംപ്ലക്‌സിന് സമീപം മൈതീന്‍കണ്ണു മകന്‍ ആഷര്‍(26), കാരയ്ക്കാമണ്ഡപം പൊറ്റവിള റോഡില്‍ അബ്ദുല്‍ റഹീം മകന്‍ ആഷിഖ്(25), നേമം പുത്തന്‍വിളാകം അമ്മവീട് ലൈനില്‍ അബ്ദുല്‍ വാഹിദ് മകന്‍ ഹബീബ് റഹ്മാന്‍(26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
7-10-2016 രാത്രി 9 30 മണിക്ക് കാരയ്ക്കാമണ്ഡപം വെള്ളായണി നാഷണല്‍ ഹൈവേയില്‍ തുലവിള വച്ചായിരുന്നു കേസിനാസ്പദമായ കൃത്യം നടന്നത്.
മരണപ്പെട്ട റഫീഖിന് ദേഹോപദ്രവം ഏല്‍കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ കേസിലെ ഒന്നാം പ്രതി ആയ അന്‍സക്കീറിന്റെ അമ്മയുടെ സഹോദരനായ പൊടിയന്‍ എന്ന് വിളിക്കുന്ന അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്ത് വച്ച് വെട്ടി പരുക്കേല്‍പ്പിച്ചതിലുള്ള വിരോധമാണ് റഫീഖിന്റെ കൊലക്ക് ആധാരം. അബൂഷക്കീറിന്റെ സുഹൃത്തുക്കളും, ബന്ധുക്കളുമായ പ്രതികള്‍ സംഘം ചേര്‍ന്ന് പ്രാണരക്ഷാര്‍ഥം ഓടിയ റഫീഖിനെ തുലവിള നാരായണഗുരു പ്രതിമക്ക് മുന്നിലിട്ട് കാറ്റാടികഴകള്‍ കൊണ്ട് ശരീരമാസകലം അടിച്ചു മൃതപ്രായനായനാക്കി റോഡിലൂടെ വലിച്ചിഴച്ചു തുല വിള നാഷണല്‍ ഹൈവേയില്‍ കൊണ്ടുവരികയും പോലീസ് ജീപ്പ് വരുന്നത് കണ്ടു റഫീക്കിനെ ഉപേക്ഷിച്ച് പ്രതികള്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു. സ്ഥലത്ത് അബോധാവസ്ഥയില്‍ കിടന്ന റഫീഖിനെ നേമം പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൃത്യ സംഭവത്തിന് പിറ്റേദിവസം പ്രതികളെ എല്ലാവരെയും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മരുതൂര്‍ കടവ് പാലം എന്നിവിടങ്ങളിലൊന്നും നേമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിലെ ദൃക്‌സാക്ഷികളായ അന്‍സില്‍ ഖാന്‍ ,അഭിലാഷ്, ഷിബു ഉള്‍പ്പെടെ 8 പ്രോസിക്യൂഷന്‍ സാക്ഷികള്‍ വിചാരണ വേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു.ഒന്നാംപ്രതി അന്‍സക്കീര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ കാണപ്പെട്ട മനുഷ്യരക്തം മരണപ്പെട്ട റഫീക്കിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞത് കേസില്‍ നിര്‍ണായക തെളിവായി.
നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും പുനരന്വേഷണം വേണമെന്നും കാണിച്ച് മരണപ്പെട്ട റഫീഖിന്റെ പിതാവ് കബീര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പുനരന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം ഹാജരാക്കിയത്.
"
https://www.facebook.com/Malayalivartha