പിടികിട്ടാ പുള്ളിയുടെ പൊടിപോലുമില്ല... നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിജയ് ബാബുവിനെതിരെ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു; യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്; ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

വിജയ് ബാബുവിനെ ഇപ്പോള്‍ പൊക്കും എന്ന തരത്തിലാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പരാതി നല്‍കിയിട്ട് ആഴ്ചകളായെങ്കിലും വിജയ് ബാബുവിന്റെ തുമ്പ് പോലും കിട്ടിയില്ല. നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്.
സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
അതേസമയം വിജയ് ബാബു സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.
ചാനലില്‍ ജോലി ചെയ്യവേ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതില്‍ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. എന്നാല്‍ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീടു വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ തെളിവു നല്‍കിയില്ല. ഇതോടെ വിനോദചാനലിന്റെ അധികാരികള്‍ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.
അതേസമയം മറ്റൊരു സംരഭകനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. പരാതി നല്‍കിയ പുതുമുഖ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ സംരംഭകന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്.
വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് വിജയ് ബാബുവിനെതിരെ കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്.
ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ വിജയ്ബാബു അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു.
വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിനു ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാന്‍ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.
വിജയ് ബാബുവിന്റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പൊലീസ് കൈംബ്രാഞ്ച് മുഖേനയാണ് ഇന്റര്‍ പോളിന്റെ സഹായം തേടിയത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയതോടെ വരുന്ന രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിജയ് ബാബുവിനെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
"
https://www.facebook.com/Malayalivartha