പണിപാളിപ്പോയല്ലോ... ആദ്യമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സഹതാപ തരംഗത്തിലൂടെ രക്ഷ നേടാമെന്ന് വിചാരിച്ച കോണ്‍ഗ്രസിനെ വെട്ടിലാക്കി സിപിഎം; സഭയുടെ അരുമ പുത്രനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി; കോണ്‍ഗ്രസുകാര്‍ തന്നെ ഡോക്ടര്‍ക്ക് പരമാവധി പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുത്തു

സുപരിചിതനായ കെ.എസ്. അരുണ്‍കുമാറിനെ മാറ്റിയതില്‍ ഏറ്റവുമധികം വേദനിക്കുന്നത് കോണ്‍ഗ്രസുകാരാണ്. അരുണ്‍കുമാറായിരുന്നെങ്കില്‍ സഭയുടെ വോട്ടും ഹൈന്ദവ വോട്ടും സഹതാപ വോട്ടും സില്‍വര്‍ ലൈന്‍ വോട്ടും നേടി ഈസിയായി ജയിക്കാമായിരുന്നു. എന്നാല്‍ സഭയുടെ അരുമ പുത്രനെ തന്നെ കളത്തില്‍ സിപിഎം ഇറക്കിയതോടെ പെട്ടിരിക്കുകയാണ്. സഹതാവവുമില്ല സഭയുടെ വോട്ടുമില്ല.
തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ ഉമ സ്ഥാനാര്‍ഥിയായതോടെ അരുണ്‍കുമാറിന്റെ ആദ്യ ചുമരെഴുത്ത് മായ്ച്ച് ഡോ.ജോ ജോസഫിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് ഏറ്റവും ഞെട്ടിച്ചത് കോണ്‍ഗ്രസിനേയാണ്. എന്നും സഭയുടെ തണലില്‍ വളരുന്നവര്‍ക്ക് ശക്തമായ തിരിച്ചടിയാണ് കിട്ടിയത്. ക്രൈസ്തവ സഭയുടെ പിന്തുണ പ്രതീക്ഷിക്കുന്ന സിപിഎം, ജോയുടെ ജനസ്വീകാര്യതയില്‍ വിശ്വാസമര്‍പ്പിക്കുന്നു.
കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. സാമൂഹിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞത് തള്ളിയാണ് കോണ്‍ഗ്രസ് ഉമയെ കളത്തിലിറക്കിയത്. എന്നാല്‍ ഈ വാക്ക് ചെവിക്കൊണ്ടത് സിപിഎമ്മാണ്. ഉയര്‍ന്നു കേട്ട അരുണ്‍കുമാറിന്റെ ചുവരെഴുത്തു മാഞ്ഞു. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ് എത്തി. അതോടെ കോണ്‍ഗ്രസുകാര്‍ അങ്കലാപ്പിലാണ്.
തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം സംശയാസ്പദമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. എല്ലാവര്‍ക്കും സുപരിചിതനായ കെ.എസ്.അരുണ്‍കുമാറിനെ മാറ്റി ആര്‍ക്കും അറിയാത്ത ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ സംശയം തോന്നുമെന്ന് സുധാകരന്‍ പറഞ്ഞു.
സഭ ഏതെങ്കിലും പാര്‍ട്ടിക്കു പിന്തുണ നല്‍കുമെന്നു വിശ്വസിക്കുന്നില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിധിയെഴുത്താകുമെന്നും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ബാഹ്യ ഇടപെടല്‍ വ്യക്തമാണ്. പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളും അറസ്റ്റ് നാടകവുമെല്ലാം ഇതിനോടു ചേര്‍ത്തു വായിക്കണം. അതിനു ശേഷമാണ് ഈ സ്ഥാനാര്‍ഥിയെ സിപിഎം അവതരിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ കുടുംബ പശ്ചാത്തലവും മറ്റും പരിശോധിച്ചാല്‍ ആരാണു പിന്നിലെന്നു മനസിലാകും.
എന്റെ സ്വന്തം പയ്യനാണ് ഇടതു സ്ഥാനാര്‍ഥി എന്നു പി.സി.ജോര്‍ജ് അവകാശപ്പെടുന്നു. പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ഥിയുടെ പേരു മതിലില്‍ എഴുതിയതിനു ശേഷം മറ്റൊരാളെ മുകളില്‍നിന്നു കെട്ടിയിറക്കി. അതിനു പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ട്. മതനിരപേക്ഷ നിലപാടാണു യുഡിഎഫിനുള്ളത്. ആ നിലപാടു മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുള്ള സ്ഥാനാര്‍ഥിയാണ് ഉമ തോമസ്. ഒരു കാരണവശാലും ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയുമായി യുഡിഎഫ് വിട്ടുവീഴ്ച ചെയ്യില്ലെന്നും സതീശന്‍ പറഞ്ഞു.
അതേസമയം തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാര്‍ സഭ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ സ്ഥാപിത താല്‍പര്യക്കാര്‍ ആണെന്നും സഭ അറിയിച്ചു. രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നവര്‍ക്ക് ദുരുദ്ദേശ്യമുണ്ട്. വ്യക്തമായ രാഷ്ട്രീയ, സാമൂഹ്യ അവബോധമുള്ള തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിനെ സമീപിക്കുമെന്നും സഭ അറിയിച്ചു.
"
https://www.facebook.com/Malayalivartha