അപ്പോഴും അശോക് ജയിച്ചു... സമരം നടത്തുന്നത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്ന് വാദിച്ചവര്‍ കെഎസ്ഇബിയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വായിക്കണം; നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; അവരുടെ പ്രൊമേഷന്‍ തടയരുത്; തലസ്ഥാനത്തേക്ക് സ്ഥലംമാറ്റം വേണം

ജനങ്ങളെ വെല്ലുവിളിച്ച് നടത്തിയ കെഎസ്ഇബി സമരം ഒന്നും നേടാതെ നേതാക്കന്‍മാരുടെ അവകാശങ്ങള്‍ മാത്രം സംരക്ഷിച്ച് അവസാനിപ്പിച്ചു. ഒരു വനിത നേതാവ് അനധികൃതമായി ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിട്ടതോടെയാണ് സമരം തുടങ്ങിയത്. തുടര്‍ന്ന് ചെയര്‍മാന്‍ ബി അശോക് നേതാക്കന്‍മാരെ സസ്‌പെന്‍ഡ് ചെയ്തും സ്ഥലംമാറ്റിയും ശക്തമായ നടപടി സ്വീകരിച്ചു. അതോടെ വെട്ടിലായ നേതാക്കള്‍ അനുനയ പാതയായിലായി. ഇന്നലത്തെ ചര്‍ച്ചയോടെ സ്വന്തം കാര്യത്തില്‍ തീരുമാനമായതോടെ സമരവും അവസാനിപ്പിച്ചു.
കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.ബി.അശോക്, ഡയറക്ടര്‍ വി.ആര്‍.ഹരി, അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി.ഹരികുമാര്‍,സോണല്‍ സെക്രട്ടറി ഷൈന്‍രാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാനേജ്‌മെന്റ് പുന:പരിശോധിക്കുമെന്നുള്‍പ്പെടെ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഉണ്ടായതോടെ കെ.എസ്.ഇ.ബിയില്‍ ഇടതു അനുകൂല ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിവന്ന സമരം പൂര്‍ണമായി അവസാനിപ്പിച്ചു. സമരവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയാണ് ചര്‍ച്ച വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായും ചര്‍ച്ച നടത്തിയിരുന്നു.
ലീവെടുക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ബാനുവിനെ മാര്‍ച്ച് 28ന് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് സമരം തുടങ്ങിയത്. സമരത്തിനെതിരെയുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിച്ചാണ് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
സസ്‌പെന്‍ഷനിലായവര്‍ക്ക് ഇനി ഉണ്ടാകുന്ന ഒഴിവുകളില്‍ സൗകര്യപ്രദമായ സ്ഥലത്ത് പോസ്റ്റിംഗ് ലഭിക്കും. ജാസ്മിന്‍ ബാനുവിന് തിരുവനന്തപുരത്ത് നിയമനം ലഭിക്കും. ബി.ഹരികുമാറിന് നിഷേധിച്ച പ്രൊമോഷന്‍ അനുവദിക്കും ഡയസ്‌നോണ്‍ ബാധകമാക്കിയ നടപടി പിന്‍വലിക്കുന്നത് നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. മാനേജ്‌മെന്റുമായി അസോസിയേഷന്‍ സഹകരിക്കും. അച്ചടക്കലംഘനമുണ്ടാകില്ലെന്ന ഉറപ്പും നല്‍കി മാനേജ്‌മെന്റ് നടപടികള്‍ക്കെതിരെ പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കും. സ്ഥാപനത്തിന്റെ പൊതുവായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിമര്‍ശനങ്ങള്‍ സംഘടനകള്‍ നടത്തില്ല സംഘടനകളുമായി ഏകോപനത്തിന് ഫിനാന്‍സ് ഡയറക്ടറുടെ പ്രത്യേക സംവിധാനമുണ്ടാക്കും
അതേസമയം കെ.എസ്.ഇ.ബിയില്‍ ഇടത് അനുകൂല ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചുചേര്‍ത്ത അനൗപചാരിക ചര്‍ച്ചയില്‍ നേതാക്കളും ചെയര്‍മാനും കൊമ്പുകോര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി സ്ഥലംമാറ്റപ്പെട്ടവരെ തിരികെ തലസ്ഥാനത്ത് ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നല്‍കാന്‍ ധാരണയായെങ്കിലും തിരിച്ചെത്തിയാല്‍ അച്ചടക്കം പാലിക്കണമെന്ന ചെയര്‍മാന്‍ ഡോ.ബി. അശോകിന്റെ പരാമര്‍ശത്തോട് അസോസിയേഷന്‍ നേതാക്കള്‍ പൊട്ടിത്തെറിച്ചു. ചെയര്‍മാന്റെ നടപടികളെ നിശിതമായി വിമര്‍ശിച്ചു.
സ്മാര്‍ട്ട് മീറ്റര്‍ ഉള്‍പ്പെടെ ജനവിരുദ്ധമെന്ന് തങ്ങള്‍ കരുതുന്ന പരിഷ്‌കാരങ്ങളും വികസനപദ്ധതികളും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ച നയപരിപാടികളും ഏറ്റെടുത്ത പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചെയര്‍മാന്‍ തിരിച്ചടിച്ചു. സമരം ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ ഇനിയും അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്നും നിയമവും കീഴ് വഴക്കങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് പ്രശ്‌നത്തില്‍ ഉടന്‍ നടപടിയുണ്ടാക്കണമെന്ന ഇടതുമുന്നണി നിര്‍ദ്ദേശം കൂടി മാനിച്ചാണ് ചര്‍ച്ച നടന്നത്. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് ഇന്ന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അസോസിയേഷന്‍ നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും. ഇതിന്റെ മിനിട്ട്‌സ് ഹൈക്കോടതിക്ക് കൈമാറും.
" f
https://www.facebook.com/Malayalivartha