വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ നഷ്ടമായത് അഞ്ച് കോടി രൂപ

വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ നഷ്ടമായത് അഞ്ച് കോടി രൂപ. മാത്രവുമല്ല ജനത്തെയാകെ വലയ്ക്കുകയും ചെയ്തു.
കോവിഡിനുശേഷം ആറു കോടിയിലെത്തി നില്‍ക്കെയാണ് ഈ വരുമാന നഷ്ടമുണ്ടായത്. കോര്‍പ്പറേഷനെ കുളം തോണ്ടുന്ന വരുമാന നഷ്ടം ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള തിരിച്ചടവും മുടക്കും. ദിവസം 98 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. ഇത് ഒരു ദിവസം മുടങ്ങിയാല്‍ അടുത്ത ദിവസം പലിശ സഹിതം അടയ്‌ക്കേണ്ടതാണ്
ഇന്നലത്തെ വരുമാനം കഷ്ടിച്ച് ഒരു കോടിയാണ്. പണിമുടക്കില്‍ കൂലിവേലക്കാരും ജീവനക്കാരും സാധാരണ ജനങ്ങളും പരീക്ഷയ്ക്ക് ഇറങ്ങിയ കുട്ടികളും ബസില്ലാതെ വലഞ്ഞു. പലര്‍ക്കും പൊതുപരീക്ഷ വരെ മുടങ്ങി.
ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു ഒഴികെ 24 മണിക്കൂര്‍ പണിമുടക്കിയത്. സി.ഐ.ടി.യുവിന്റെ എംപ്ലോയീസ് അസോസിയേഷന്‍ വിട്ടുനില്‍ക്കുമെന്ന് പറഞ്ഞെങ്കിലും ഭൂരിപക്ഷവും ജോലിക്കെത്തിയില്ല. സമരത്തിനെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു.
750 ബസ് മാത്രമാണ് ഇന്നലെ ഓടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 3580 ബസുകള്‍ ഓടിച്ചിരുന്നു.ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നവംബര്‍ 5,6 തീയതികളിലും പൊതുപണിമുടക്ക് കാരണം മാര്‍ച്ച് 28നും 29നും ബസ് ഓടിയിരുന്നില്ല.
മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ 10ന് ശമ്പളം ഉറപ്പുനല്‍കിയിട്ടും പണിമുടക്കുകയായിരുന്നു. കഴിഞ്ഞ മാസം വിഷുവിനും ഈസ്റ്ററിനും മുന്‍പ് ശമ്പളം ലഭിച്ചിരുന്നില്ല. എസ്.ബി.ഐയില്‍ നിന്ന് 45 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്‍കിയത്. ഈ മാസം ശമ്പളത്തിന് കെ.എസ്.ആര്‍.ടി.സി 65 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പതിവു പോലെ 30 കോടി നല്‍കാമെന്നാണ് ധനവകുപ്പ് അറിയിച്ചത്. 82 കോടി വേണം ശമ്പളത്തിന്.
അതേസമയം ഇന്നലെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍, ഹയര്‍ സെക്കന്‍ഡറി വിവിധ വിഷയങ്ങളിലെ പ്രാക്ടിക്കല്‍ പരീക്ഷകളാണ് നടന്നത്. ബസില്ലാത്തതിനാല്‍ നല്ലൊരു പങ്കും എത്തിയില്ല. ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചും മറ്റുമെത്തിയ പലര്‍ക്കും വൈകിയതിനാല്‍ പരീക്ഷയില്‍ പങ്കെടുക്കാനുമായില്ല. പരാതി പ്രവാഹമായതോടെ, ഇന്നലെ എത്താത്തവര്‍ക്ക് മറ്റൊരവസരം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
അതേസമയം, സര്‍വകലാശാലകളില്‍ പരീക്ഷ മുടങ്ങിയവര്‍ക്ക് മറ്റൊരവസരം നല്‍കുന്നതില്‍ തീരുമാനമായിട്ടില്ല.
"
https://www.facebook.com/Malayalivartha