ദേശീയ അധ്യക്ഷന്‍ ഏറ്റെടുത്തു... കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ; കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇത്തരം ശക്തികള്‍ക്കുണ്ട്; തൃക്കാക്കരയില്‍ ബി ജെ പിക്ക് സ്വന്തം സ്ഥാനാര്‍ത്ഥി

ഒരിടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തിലേക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇടപെടുകയാണ്. മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇത്തരം ശക്തികള്‍ക്കുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിറുത്താന്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും പ്രതിജ്ഞാബദ്ധരാണെന്നും ജെ.പി. നദ്ദ പറഞ്ഞു.
അതേസമയം സംസ്ഥാന ബിജെപിയുടെ അടുത്ത ലക്ഷ്യം തൃക്കാക്കരയാണ്. തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര നേതത്വത്തിന് കൈമാറി. ബി.ജെ.പിക്ക് തൃക്കാക്കര അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സഭാ നേതാക്കളുടെ ഉള്‍പ്പെടെ പിന്തുണ ഉണ്ടെന്നും ഇരു മുന്നണികളോടുള്ള ജനങ്ങളുടെ എതിര്‍പ്പ് ബി.ജെ.പിക്ക് ഗുണം ചെയ്യും. ക്രൈസ്തവ സഭയ്ക്ക് ഇരുമുന്നണികളോടുമുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
തൃക്കാക്കരയില്‍ യു.ഡി.എഫ് അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയും എല്‍.ഡി.എഫ് ഡോ. ജോ ജോസഫിനെയുമാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. താമരശ്ശേരി ബിഷപ്പുമായി ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ കൂടിക്കാഴ്ച നടത്തിയത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ്. ഇടതുമുന്നണിയുടെ ജയം ഉറപ്പായപ്പോഴാണു വിമര്‍ശനങ്ങള്‍ വരുന്നത്. സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിയിടരുത്.
എന്തിനാണു സഭയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്? എന്താണു സഭ ചെയ്തത്? രാഷ്ട്രീയ വിരോധത്തിന് അതിര്‍വരമ്പുകളൊന്നും ഇല്ലേ? ഏതു മതപുരോഹിതരെയും സഭകളെയും ആക്ഷേപിക്കാമെന്നാണോ? കോണ്‍ഗ്രസ് അതു ചെയ്യരുത്. വെറുതെ സഭകളെ അവഹേളിക്കരുത്. വി.ഡി.സതീശനെക്കുറിച്ച് സഭകളും നാട്ടുകാരും എല്ലാം തിരിച്ചറിയുമെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം തൃക്കാക്കരയില്‍ എല്‍ഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി സഭയുടേതല്ല. ജനങ്ങളുടേതാണ്. സഭ സ്ഥാനാര്‍ഥിയെ നിര്‍ത്താറില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
തൃക്കാക്കരയില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ ആരെങ്കിലും മാധ്യമങ്ങളെ വിശ്വസിച്ച് എഴുതിയതാവുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത് അസ്വാഭാവികമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അസ്വാഭാവികമായ പലതും രാജ്യത്ത് നടക്കുന്നുണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി. എന്തായാലും ജോ ജോസഫ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ ഇടത് ക്യാമ്പില്‍ വളരെ വലിയ വിജയ പ്രതീക്ഷയാണുള്ളത്.
https://www.facebook.com/Malayalivartha