സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാകുന്നു... പരിശോധന ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും; വിവിധ ജില്ലകളില്‍ നിന്നും കിലോക്കണക്കിന് പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനിലും മെസ്സിലും ബാര്‍ ഹോട്ടലില്‍ നിന്നുമായി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. കാസര്‍ഗോഡ് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 200 കിലോ പഴകിയ മത്സ്യം പിടികൂടി. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും.
തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കിയില്‍ പത്ത് ഹോട്ടലുകള്‍ പൂട്ടിച്ചു. വിവിധ ജില്ലകളിലായി നൂറോളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. ഹോട്ടല്‍ ഭക്ഷണത്തില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്. സ്റ്റാര്‍ ഹോട്ടലുകളായ ഇന്ദ്രപ്രസ്ഥ, സൂര്യ, സെന്‍ട്രല്‍ പ്‌ളാസ എന്നിവിടങ്ങളില്‍ നിന്നും പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെത്തി.
വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച കോഴിയിറച്ചിയും പഴകിയ മാവും പിടിച്ചെടുത്തു. വട്ടപ്പാറയിലെ എസ് യു ടി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കാന്റീനില്‍ നിന്നും പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയില്‍ കണ്ടെത്തി. വട്ടപ്പാറയിലെ എസ് യു ടി ഹോസ്റ്റലില്‍ മെസില്‍ നിന്നും 25 കിലോ ഉപയോഗശൂന്യമായ മീന്‍ പിടിച്ചു. നിരവധി കടകള്‍ക്ക് നോട്ടീസ് നല്കി. കേരള ഹൗസ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കററിനും നോട്ടീസ് നല്കി.
തൊടുപുഴയില്‍ അഞ്ച് കടകളും അടിമാലി, മൂന്നാര്‍ , എന്നിവിടങ്ങളിലായി നാലും ചെറുതോണിയില്‍ ഒരു ഹോട്ടലുമാണ് അടപ്പിച്ചത്. ഉപയോഗ യോഗ്യമല്ലാത്ത 10 കിലോ ഷവര്‍മയും 8 കിലോ അല്‍ഫാം ചിക്കനും നശിപ്പിച്ചു. എട്ടുകിലോ പഴകിയ മത്സ്യവും പിടിച്ചു.
ഇന്നലെ വരെ സംസ്ഥാനത്ത് 110 കടകള്‍ അടപ്പിച്ചു. കാസര്‍കോട് ദേവനന്ദയെന്ന വിദ്യാര്‍ഥിനിക്ക് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ വീഴ്ചകള്‍ ഓരോന്നായി പുറത്തു വരുന്നത്. ഹൈക്കോടതിയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വിമര്‍ശനം കടുത്തതോടെയാണ് മുടങ്ങിപ്പോയ പരിശോധനകള്‍ പുനരാരംഭിച്ചത്. വരും ദിവസസങ്ങളിലും പരിശോധന തുടരുമെന്നാണ് ഭക്ഷ്യസുരക്ഷാ – ആരോഗ്യവിഭാഗങ്ങള്‍ അറിയിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. നാല് സ്‌ക്വാഡുകളാണ് നഗരത്തില്‍ ചുറ്റുന്നത്. പരിശോധനയറിഞ്ഞ് മിക്കവരും ജാഗരൂകരാണെങ്കിലും പലയിടത്തും കാഴ്ച്ചകള്‍ക്ക് മാറ്റമുണ്ടായില്ല. കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ മത്സ്യം പിടികൂടി.
വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ പിടിച്ചത്. കൊച്ചിയിലും ഇടുക്കിയിലും ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലുകളില്‍ പരിശോധന തുടരുകയാണ്.
സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയില്‍, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 110 കടകളാണ് ഇന്നലെ വരെ പൂട്ടിച്ചത്. ഇന്നലെ വരെ 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയ്‌ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ', ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ജാഗറി' എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കി. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha