അഭിഭാഷകന് പുതുജന്മം... കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് കെ. രണദീപിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; രണദീപിന്റെ സഹോദരി കെ.ആര്‍. ദീപ്തി കരള്‍ പങ്കുവച്ച് ജീവിതം തിരികെ പിടിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു പുതു ചരിത്രമെഴുതുകയാണ്. സര്‍ക്കാര്‍ മേഖലയില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്.
ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് ബ്രഹ്മമംഗലം പുതുവേലില്‍ കെ.രണദീപാണ് (43) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. രണദീപിന്റെ സഹോദരി കെ.ആര്‍. ദീപ്തി(40)യാണ് കരള്‍ പങ്കുവച്ചത്. രണദീപ് ലിവര്‍ സിറോസിസ് ബാധിതനായി ഏറെ നാളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. രണദീപിന്റെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതു മൂലമാണ് ശസ്ത്രക്രിയ വൈകിയത്. രണദീപിന്റ ഭാര്യ ഷീബയുടെ ഗ്രൂപ്പ് ചേരില്ല.
ഇന്നലെ രാവിലെയോടെയാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചത്. ശസ്ത്രക്രിയ രാത്രിയോടെ പൂര്‍ത്തിയായി. മെഡിക്കല്‍ കോളജ് ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ശസ്ത്രക്രിയ. അമൃത ആശുപത്രിയിലെ ഡോ. എസ്.സുധീന്ദ്രന്‍, ഡോ. ദിനേഷ് ബാലകൃഷ്ണന്‍, ഡോ. രേഖ വര്‍ഗീസ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി ശസ്ത്രക്രിയയില്‍ പങ്കാളികളായി.
ദീപ്തിക്കു ഡിഗ്രിക്കു പഠിക്കുന്ന മകനാണുള്ളത്. രണദീപിനും ഷീബയ്ക്കും 10ലും 3ലും പഠിക്കുന്ന കുട്ടികളാണുള്ളത്. ഷീബ ഹൈക്കോടതിയില്‍ ഗവ. പ്ലീഡറാണ്. നഴ്‌സുമാരായ സുമിത, മായ, മാത്യു, അനുമോള്‍, ആതിര, ടിന്റു, ഹസ്‌ന, ജീമോള്‍, ദിവ്യ പീറ്റര്‍, അറ്റന്‍ഡര്‍മാരായ സാബു, സുനിത, സുധ, ബീന എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യത്തെയും സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ രണ്ടാമത്തേതുമായ ശസ്ത്രക്രിയ ഫെബ്രുവരി 14നായിരുന്നു നടന്നത്. അത് വിജയിച്ചു. തൃശൂര്‍ സ്വദേശി സുബീഷിനാണ് ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു.
ഈ ആക്ഷന്‍ പ്ലാന്‍ പ്രകാരം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂര്‍ത്തിയാക്കി വരുന്നു. കൂടുതല്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം തുടരുന്നതാണ്. അടുത്ത ലക്ഷ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുകയാണ്.
https://www.facebook.com/Malayalivartha