കെ.എസ്.ആര്‍.ടി.സി പണിമുടക്കിന് പിന്നാലെ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി നീക്കവുമായി മാനേജ്‌മെന്റ്... കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി

കെ.എസ്.ആര്‍.ടി.സി പണിമുടക്കിന് പിന്നാലെ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി നീക്കവുമായി മാനേജ്‌മെന്റ്. അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടികയാണ് തയ്യാറാക്കി തുടങ്ങിയത്. ഇനി മുതല്‍ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനുമുള്‍പ്പെടെ പരിഗണിക്കുകയുമുള്ളൂ.
സ്ഥാപനത്തിന്റെ അവസ്ഥയും താന്‍ നല്‍കിയ ഉറപ്പും പരിഗണിക്കാതെ പണിമുടക്കിയവരോട് വിട്ടുവീഴ്ചയില്ലെന്ന് നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. നിലവില്‍ 5, 6, 7 തീയതികളില്‍ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്.
അതേസമയം ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം ചെയ്ത ദിവസം തന്നെയാണ് മിനിമം ഡ്യൂട്ടി നിബന്ധനയും ഉത്തരവാക്കി ഇറക്കിയത്. ഇത് ജനുവരിയില്‍ കോര്‍പറേഷനിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള ഉത്തരവായിരുന്നു. ഇത് പ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ ഇനി മുതല്‍ ശമ്പള വര്‍ധന, പ്രമോഷന്‍, പെന്‍ഷന്‍ തുടങ്ങിയവ ലഭിക്കാന്‍ എല്ലാവര്‍ഷവും ചുരുങ്ങിയത് 190 ദിവസം ഹാജര്‍ വേണം.
മാരക രോഗങ്ങള്‍ പിടിപെടുന്നവര്‍ക്കും അപകടങ്ങളെ തുടര്‍ന്ന് കിടപ്പുരോഗികളാകുന്നവര്‍ക്കാണ് ഇളവുകളുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റേതാണ്. അതിന് കെ.എസ്.ആര്‍.ടി.സി രൂപവല്‍കരിക്കുന്നതോ സര്‍ക്കാരിന്റെയോ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിക്കും. ഉറ്റ ബന്ധുക്കളുടെ മരണം നടന്നാലും 190 ദിവസം മിനിമം സേവനം എന്ന നിബന്ധനയില്‍ ഇളവ് കിട്ടാനുള്ള സാധ്യതയേറെ.
"
https://www.facebook.com/Malayalivartha