കുടുംബത്തർക്കത്തിനിടെ മകൻ പിടിച്ചു തള്ളി; വീഴ്ച്ചയിലും മർദനത്തിലും പരിക്കേറ്റ പിതാവിന് ദാരുണാന്ത്യം; മരിച്ചത് റിട്ട.എസ്.ഐ

കുടുംബത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മകൻ പിടിച്ചു തള്ളിയ അച്ഛൻ മരിച്ചു. റിട്ട.എസ്.ഐയായ ഏറ്റുമാനൂർ പുന്നത്തുറവെസ്റ്റ് മാടപ്പാട് കുമ്പളത്തറയിൽ മാധവൻ (77) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ മകൻ ജിതേഷിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മരിച്ച മാധവനും, രണ്ടാം ഭാര്യയും മകൻ ജിതേഷും, ഭാര്യയും കുട്ടികളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ബി.എസ്.എഫിൽ നിന്നും റിട്ടയർ ചെയ്ത ജിതേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിങ്കളാഴ്ച വൈകിട്ട് മാധവനും ജിതേഷിന്റെ ഭാര്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നു മാധവൻ ജിതേഷിന്റെ ഭാര്യയെ മർദിച്ചിരുന്നതായി പൊലീസ് പറയുന്നു.
വൈകിട്ട് വീട്ടിലെത്തിയ മാധവനും ജിതേഷും തമ്മിൽ ഇതേച്ചൊല്ലി വാക്ക് തർക്കമുണ്ടായി. സംഘർഷത്തിനിടെ ജിതേഷ് മാധവനെ മർദിക്കുകയും, പിടിച്ച് തള്ളുകയുമായിരുന്നു. തുടർന്നു പരിക്കേറ്റ മാധവനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ പൊലീസ് സംഘം ജിതേഷിനെ കസ്റ്റഡിയിൽ എടുത്തു.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മുൻപ് പല വിധ അസുഖങ്ങളാണ് ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു മാധവനെന്നു പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.
പലപ്പോഴും ബോധരഹിതനായി വീഴുന്ന രീതിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ശരീരത്തിൽ പരിക്കുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് സംഘം പറഞ്ഞു. ഈ സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം മാത്രമേ അടുത്ത നിടപടികളിലേയ്ക്കു കടക്കൂ എന്നും പൊലീസ് സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha