'തെറ്റായ രീതികളൊക്കെ പൊളിച്ചെഴുതണമെന്നുള്ളതിന് എന്താണ് സംശയം ലേഖകാ? ഇപ്പറഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഇരിപ്പിടം എന്നുള്ള സംവിധാനത്തിൽ പണ്ടുതൊട്ട് പഠിച്ചു വന്നതാണ്...' ഡോ നെൽസൺ ജോസഫ് കുറിക്കുന്നു....

"വിവാദനിർദേശങ്ങളുമായി വീണ്ടും വിദ്യാഭ്യാസ വകുപ്പ്" ഫേസ്ബുക്കിൽ വന്ന പത്രത്തിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുത്തുക എന്ന തലക്കെട്ടോടുകൂടെയുള്ള വാർത്തയിൽ വന്ന അടിക്കുറിപ്പാണ് ഇത്. ഇതിനെ മുൻനിർത്തി ഫേസ്ബുക്കിൽ തന്റെ പരാമർശം ഉന്നയിച്ചിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
" വിവാദനിർദേശങ്ങളുമായി വീണ്ടും വിദ്യാഭ്യാസ വകുപ്പ് "
ഫേസ്ബുക്കിൽ കണ്ട ഒരു പത്രക്കട്ടിങ്ങിൻ്റെ സബ് ഹെഡിങ്ങാണ്
വായിച്ചപ്പൊ എജ്ജാതി പ്രാസം എന്നാണ് ആദ്യം മനസിൽ തോന്നിയത്. മൊത്തത്തിൽ 'വ' വച്ചൊരു കളി. വാർത്ത മുഴുവൻ വായിച്ചപ്പൊ ചിരിച്ച് അടപ്പിളകി. ആദ്യം ആ 'വിവാദ' നിർദേശങ്ങളിലേക്ക് തന്നെ പോവാം.
- ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക
- ഉടുപ്പിലും നടപ്പിലും തുല്യത വരുത്തുക
- ലിംഗവിവേചനപരമായ ചട്ടങ്ങൾ പൂർണമായും ഒഴിവാക്കുക
- പെൺകുട്ടികൾക്ക് ആൺകുട്ടികളോടൊപ്പം ആവിഷ്കാരസ്വാതന്ത്ര്യം നൽകുക
മൊത്തത്തിൽ പറഞ്ഞാൽ ലിംഗസമത്വം ഉറപ്പ് വരുത്തുന്ന വിദ്യാലയാന്തരീക്ഷം ഉറപ്പ് വരുത്താൻ പരിശ്രമിക്കുക
അതിനെക്കുറിച്ചുള്ള ലേഖകൻ്റെ കമൻ്റും വാർത്തയ്ക്കൊപ്പമുണ്ട്.
"സമൂഹത്തിൻ്റെ ധാർമികതയെത്തന്നെ ചോദ്യം ചെയ്യുന്ന നിർദേശങ്ങൾ "
"ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഇരിപ്പിടം എന്നതാണ് എൽ.പി സ്കൂൾ മുതൽ യൂണിവേഴ്തിറ്റി തലം വരെ രാജ്യത്താകമാനം അനുവർത്തിച്ച് വരുന്നത് " തെറ്റായ രീതികളൊക്കെ പൊളിച്ചെഴുതണമെന്നുള്ളതിന് എന്താണ് സംശയം ലേഖകാ? ഇപ്പറഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഇരിപ്പിടം എന്നുള്ള സംവിധാനത്തിൽ പണ്ടുതൊട്ട് പഠിച്ചു വന്നതാണ്.
അന്നൊക്കെ പെൺകുട്ടികളുടെ വശത്ത് , അല്ലെങ്കിൽ അവരുടെ ഇടയിൽ കൊണ്ടുപോയി ഇരുത്തുകയെന്ന് പറയുന്നത് ഒരു ശിക്ഷയാണ്..ക്ലാസിൽ മിണ്ടിയാൽ, അലമ്പുണ്ടാക്കിയാൽ പെമ്പിള്ളേരുടെ സൈഡിലെ ബഞ്ചിൽ ഫസ്റ്റ് പ്ലേസിൽ കൊണ്ടുപോയി ഇരുത്തിക്കളയും. അതുകൊണ്ട് എന്തുണ്ടായി? എൻട്രൻസ് സമയത്താണ് കസിൻസും പരിചയക്കാരുമല്ലാത്ത പെൺകുട്ടികളുമായി ഇടപഴകാൻ തുടങ്ങുന്നത്. ബ്രില്യൻ്റിൽ ലോങ്ങ് ടേം ബാച്ചിൻ്റെ ക്ലാസ് നടക്കുന്ന സമയം. രണ്ടാം നിലയിലെ വരാന്തയുടെ ഒരറ്റത്താണ് വെള്ളം കുടിക്കാനുള്ള കൂളർ വച്ചിരിക്കുന്നത്. പതിവ് പോലെ അവിടെ വെള്ളം കുടിക്കാൻ പോയി. കുടിച്ചു കഴിയാറായപ്പൊഴാണ് എതിരെ കുറച്ച് പെൺകുട്ടികൾ വന്നത്. കണ്ടിട്ടുള്ള പരിചയമേയുള്ളൂ അവരെ.
തൊട്ടടുത്ത സെക്കൻ്റിൽ ഞാൻ കാണിച്ച അബദ്ധം എന്തോർത്താണ് ചെയ്തതെന്ന് ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു. ഇപ്പൊ ആലോചിക്കുമ്പൊ രണ്ട് സിമ്പിൾ ഓപ്ഷൻസുണ്ടായിരുന്നു. ഒന്ന് അവരൂടെ വെള്ളം കുടിച്ചുകഴിയുന്നത് വരെ വെയ്റ്റ് ചെയ്യുക. രണ്ടാമത്തേത്, കുറച്ച് വഴി തരുമോ, ക്ലാസിലേക്കൊന്ന് കടന്ന് പൊയ്ക്കോട്ടെ എന്ന് ചോദിക്കുക. ഞാൻ തിരഞ്ഞെടുത്തത് മൂന്നാമത്തെ വഴിയാണ്. അരമതിലിന് മുകളിലൂടെ രണ്ടാം നിലയുടെ പാരപ്പറ്റിലേക്ക് ഇറങ്ങാനാണ് അപ്പൊ തോന്നിയത്.... നിന്ന് ചുറ്റിത്തിരിയുന്നത് കണ്ട് അവര് മാറിത്തന്നത് നന്നായി. പെൺകുട്ടികളുമായി സംസാരിക്കുന്നതും അടുത്തിടപഴകുന്നതും ശിക്ഷയാണെന്ന ചിന്താരീതിയുള്ള ഒരു കാലത്ത് വളർന്നതിൻ്റെ ഗുണം കൂടിയാണ്.
മറ്റൊരു ലിംഗത്തിലുള്ളയാളോട് എങ്ങനെ പെരുമാറണമെന്നറിയില്ല, സംസാരിക്കണമെന്നറിയില്ല... കാണിച്ചുകൂട്ടുന്നതൊക്കെ അബദ്ധങ്ങൾ ആദ്യമായി ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് പഠിച്ചതായുള്ള ഓർമ അനാട്ടമി ഡിസക്ഷൻ ഹാളിൽ വച്ചാണ്. റോൾ നമ്പർ അനുസരിച്ച് ഒരു ടേബിളിനു ചുറ്റും ആണും പെണ്ണും എല്ലാം കാണും. അല്ലാതെ പെണ്ണുങ്ങൾക്ക് ഒരു ടേബിൾ - ആണുങ്ങൾക്ക് വേറൊന്ന് എന്നില്ല. ലേഖകൻ എഴുതിയപോലെ "രാജ്യത്താകമാനമുള്ള" മെഡിക്കൽ കോളജുകളിൽ സംഗതി അങ്ങനെ തന്നെയാണ് നടന്നുവരുന്നതും. ഇപ്പൊ എങ്ങനാന്നറിയില്ല.. 2006 ൽ അങ്ങനാരുന്നു. "സമൂഹത്തിൻ്റെ ധാർമികതയെത്തന്നെ ചോദ്യം ചെയ്താണ് " മെഡിക്കൽ കോളജുകൾ നിലകൊണ്ടുകൊണ്ടിരുന്നത് എന്ന് അറിയുമ്പൊ ഞെട്ടുന്നില്ലേ ഗുയ്സ്? ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ നൽകണമെന്ന് പറയുമ്പൊ വരുന്ന കമൻ്റുകളുടെ ലൈൻ ഏതാണെന്ന് ഊഹിക്കാൻ പറ്റുന്ന സമൂഹത്തിലേക്കാണ് ഈ പരിഷ്കാരങ്ങളൊക്കെ കൊണ്ടുവരണമെന്ന് പറയുന്നതെന്ന് നല്ലോണം അറിയാം.
വിവാദം എന്നുള്ളതിനപ്പുറത്തേക്ക് വേറൊരു വാക്കാണ് ഓർമയിൽ വരുന്നത്
അതും തുടങ്ങുന്നത് 'വ'യിൽത്തന്നെയാണ്.
"വിപ്ലവം"
അപ്പൊ
വളർന്നുവരുന്ന
വരുംതലമുറയെങ്കിലും
വിവേകമതികളാവട്ടെ
വിജയിക്കട്ടെ
വിട
https://www.facebook.com/Malayalivartha