മായമല്ല മറിമായം... അറസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ഒളിവിലായിരുന്ന പി.സി.ജോര്‍ജ് ഇടക്കാല ജാമ്യം ലഭിച്ചതോടെ തിങ്കളാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തി; കൊച്ചി പോലീസ് ദിവസങ്ങളോളം മഷിയിട്ട് നോക്കിയിട്ടും പിസി ജോര്‍ജിന്റെ പൊടിപോലും കിട്ടിയില്ല

കൊച്ചി പോലീസ് രണ്ട് പേരെയാണ് ഒരേ സമയം തപ്പിയത്. ഒന്ന് വിജയ് ബാബുവിനേയും മറ്റൊന്ന് പിസി ജോര്‍ജിനേയും രണ്ട് പോരേയും സ്വന്തം നിലയില്‍ സിറ്റി പോലീസിന് കണ്ടെത്താനായില്ല. അവര്‍ സ്വന്തം നിലയില്‍ എത്തുന്നു എന്നു മാത്രം.
പിസി ജോര്‍ജിനെ വീട്ടിലും പരിസരത്തുമായി പോലീസ് പലവട്ടം തെരഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരിലുള്ള അറസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ഒളിവിലായിരുന്ന പി.സി.ജോര്‍ജ് ഇടക്കാല ജാമ്യം ലഭിച്ചതോടെ തിങ്കളാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ അരുവിത്തുറ പള്ളിയില്‍ പോയി. പൂഞ്ഞാറില്‍ ഒരു മരണ വീട് സന്ദര്‍ശിച്ചു. മാധ്യമങ്ങളുടെ മുന്നില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച അദ്ദേഹം സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ തയാറായതുമില്ല.
മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് കര്‍ശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 26 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ജസ്റ്റിസ് പി.ഗോപിനാഥ് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
പൊതു പ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന ഉപാധിയോടെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോട് അനുബന്ധിച്ചു പി.സി. ജോര്‍ജ് എട്ടിനു നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണു പൊലീസ് സ്വമേധയാ കേസെടുത്തത്. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു.
തിരുവനന്തപുരത്തു റജിസ്റ്റര്‍ ചെയ്ത സമാന സ്വഭാവമുള്ള കേസില്‍ ജോര്‍ജിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതി വിധി പറയാനിരിക്കെയാണു വെണ്ണല കേസില്‍ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം കോടതിയില്‍ അപ്പീല്‍ പരിഗണിക്കാന്‍ വെണ്ണല കേസിലെ ഇടക്കാല ജാമ്യം ബാധകമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും ജാമ്യത്തില്‍ വിടണമെന്നാണു ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആവശ്യപ്പെടുമ്പോള്‍ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണം, അന്വേഷണത്തില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
ജോര്‍ജിന് തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതി അനുവദിച്ച ജാമ്യം, വ്യവസ്ഥ ലംഘിച്ചതിനാല്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ നിലവിലുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജി ഹൈക്കോടതിയില്‍ അറിയിച്ചു. പ്രസംഗത്തില്‍നിന്ന് അവിടെയിവിടെ നിന്ന് ചില വാചകങ്ങള്‍ തിരഞ്ഞെടുത്ത് കേസെടുക്കുകയായിരുന്നു എന്ന് ജോര്‍ജിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു വാദിച്ചു.
അതേസമയം തിരുവനന്തപുരത്തു റജിസ്റ്റര്‍ ചെയ്ത കേസിലെ വാദവും പൂര്‍ത്തിയായി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നു തെളിയിക്കാന്‍ പൊലീസ് ഹാജരാക്കിയ വെണ്ണലയിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയത്. പൊലീസ് ഹാജരാക്കിയ സിഡി കോടതിയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ കോടതിയും പ്രോസിക്യൂഷനും തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടായി. ജോര്‍ജിന്റെ പ്രസംഗം അടങ്ങിയ സിഡി തൊണ്ടി മുതല്‍ ആയാണ് പൊലീസ് ഹാജരാക്കിയത്.
മുദ്രവച്ചു ഹാജരാക്കിയ വസ്തുക്കള്‍ സാധാരണ വിചാരണ ഘട്ടത്തിലാണു കോടതി തെളിവായി സ്വീകരിക്കുക. വിചാരണ ഘട്ടം ആയിട്ടില്ലല്ലോ എന്നു കോടതി ചോദിച്ചു. തെളിവായല്ല, പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കോടതിയെ കാണിക്കുക മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നു സര്‍ക്കാര്‍ അഭിഭാഷക മറുപടി നല്‍കി. അന്വേഷണ സംഘം ഹാജരാക്കിയ 4 സിഡികളില്‍ പ്രാദേശിക ഓണ്‍ലൈനില്‍ വന്ന ദൃശ്യങ്ങളാണു കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്. വെണ്ണലയില്‍ ജോര്‍ജ് നടത്തിയ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമാണു സിഡിയില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha