മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പെണ്‍കുട്ടികളെയും അവരുടെ മുത്തച്ഛനെയും ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടു; ദുരനുഭവമുണ്ടായത് ഈ മാസം 23-ന് ഏലപ്പാറയില്‍നിന്ന് തൊടുപുഴയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ വച്ച്....
യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടികളെയും അവരുടെ മുത്തച്ഛനെയും ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടതായി പരാതി. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെ.ചപ്പാത്ത് തേക്കാനത്ത് വീട്ടില്‍ വാസുദേവന്‍ നായരെയും ഏഴും, പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെയും കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നും വഴിയിൽ ഇറക്കിവിട്ടത്. ഈ മാസം 23-ന് ഏലപ്പാറയില്‍നിന്ന് തൊടുപുഴയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ചാണ് ഇവര്‍ക്ക് ഇത്തരത്തിൽ ദുരനുഭവമുണ്ടായത്.
വാസുദേവന്‍ നായര്‍ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി യാത്ര ചെയ്യുകയായിരുന്നു. കാഞ്ഞാറിലെത്തിയപ്പോള്‍ തന്നെ ഇളയകുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതേതുടർന്ന് ബസ് നിര്‍ത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം വിസമ്മതിക്കുകയായിരുന്നു. പിന്നാലെ എഴുന്നേറ്റുചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു.
സമയം വൈകിയപ്പോൾ കുട്ടിക്ക് അസ്വസ്ഥതയായതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കിവിടുകയാണ് ചെയ്തത്. പിന്നാലെ ബസ് ഓടിച്ചുപോയി. 20 മിനിറ്റിലേറെ വഴിയില്‍ കാത്തുനിന്ന ശേഷമാണ് ഇവര്‍ക്ക് അടുത്ത വാഹനം ലഭിച്ചത് പോലും. ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡി.ടി.ഒ.യ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവർ.
അതേസമയം പരാതിയില്‍ അന്വേഷണത്തിനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കുന്ന എക്സിക്യുട്ടീവ് ഡയറക്ടര്‍ക്ക് (വിജിലന്‍സ്) പരാതി കൈമാറിയതായി തൊടുപുഴ ഡി.ടി.ഒ. എ.അജിത് ചൂണ്ടിക്കാണിക്കുകയുണ്ടായി. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുകൂടാതെ അന്ന് സര്‍വീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് വിശദീകരണം തേടുമെന്നും അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha