അബുദാബി പൊട്ടിത്തെറി, പ്രവാസികളെ കണ്ണീരിലാഴ്ത്തിയ ഭയാനക അപകടത്തിന് ആക്കം കൂട്ടിയത് ഈ കാരണങ്ങള്‍; ദൃസാക്ഷി പറയുന്നു..

പ്രവാസി സമൂഹത്തെ ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അബൂദബി ഖാലിദിയയിലെ റസ്റ്ററന്റ് കെട്ടിടത്തിലെ പാചക വാതക സംഭരണി പൊട്ടിത്തെറിച്ച അപകടത്തില്‍ മലയാളിയും മരണപ്പെട്ടു. ആലപ്പുഴ സ്വദേശിയായ ശ്രീകുമാറാണ് മരിച്ചത്.
ഫുഡ് കെയര്‍ റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പാചകവാതക സംഭരണിയിലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റുറെന്റായതിനാല്‍ തന്നെ ഫുഡ് കെയറിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. ആദ്യം നേരിയ തോതിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.
അപ്പോള്‍ തന്നെ സിവില്‍ ഡിഫന്‍സും അബൂദബി പോലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തുരുതുരാ പൊട്ടിത്തെറികള്‍ സംഭവിച്ചു. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. 120 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ റസ്റ്റോറന്റിലെ എട്ട് ജീവനക്കാരുണ്ടെന്നും സാരമായി പരിക്കേറ്റ മൂന്നുപേര്‍ അപകട നില തരണം ചെയ്തതായും റസ്‌റ്റോറന്റ് സഹ ഉടമ ബഷീര്‍ അതിരിങ്കല്‍ പറഞ്ഞു.
അതേസമയം അപകടം നേരില്‍കണ്ട മലയാളിയും അബൂദബിയില്‍ കച്ചവടക്കാരനായ സാദിഖ് അണ്ടത്തോട് പറഞ്ഞത് ഇങ്ങനെയാണ്..
'ഞാന്‍ അവിടെ എത്തുമ്പോള്‍ എന്തോ ചെറിയ അപകടമുണ്ടായെന്ന സൂചന കിട്ടിയിരുന്നു. പൊലീസ് ആളുകളെ ഒഴിപ്പിക്കുന്നത് കണ്ടതിനാല്‍ കുറച്ചു ദൂരെ മാറിയാണ് നിന്നത്. ഇതിനിടെയാണ് ഉഗ്ര ശബ്ദമുണ്ടായത്. എന്താണ്, സംഭവിച്ചതെന്ന് മനസ്സിലാവും മുന്നേ കറുത്ത പുകയും ഉയര്‍ന്നു. പിന്നെ ജീവനില്‍ ഭയന്ന് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ പിന്‍കാലില്‍ ചില്ല് തുളച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 300 മീറ്ററെങ്കിലും അകലെ എത്തിയിട്ടും ചില്ല് പതിക്കുകയായിരുന്നു. ഉടന്‍ ടാക്‌സി വിളിച്ച് ആശുപത്രിയില്‍ എത്തി' ഇങ്ങനെയാണ് സാദിഖ് പറഞ്ഞത്.
മാത്രമല്ല ഉച്ചഭക്ഷണ സമയവും ജോലിക്കാരുടെ വിശ്രമ വേളയുമായതിനാല്‍ ഇവിടെ നല്ല തിരക്ക് ഉള്ള സമയമായിരുന്നു. ഇതാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായതെന്നും സാദിഖ് ചൂണ്ടിക്കാട്ടി.
അതേസമയം റസ്റ്ററന്റിലെ പാചകവാതക സംവിധാനം അതീവ സുരക്ഷയോടെയാണ് സജ്ജീകരിച്ചിരിക്കുന്നത് എന്ന് ബഷീര്‍ അതിരിങ്കല്‍ പറഞ്ഞു. പാചകവാതകം ചോര്‍ന്നാല്‍ റസ്റ്ററന്റിനുള്ളിലെ ഈ സംവിധാനം തനിയെ ഓഫാകും. എന്നാല്‍, പാചകവാതക ലൈന്‍ കടന്നുപോവുന്നത് ആളുകള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ഹാളിനു സമീപത്തു കൂടിയാണ്. ഇതിന് അടുത്തുള്ള പാചക വാതക സംഭരണിയിലെ പൊട്ടിത്തെറിയാണ് കെട്ടിടത്തെ ബാധിച്ചത്.
പൊട്ടിത്തെറിയെ തുടര്‍ന്ന് ആറ് കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. തിരക്കേറിയ ഖാലിദിയ മാള്‍, ഷൈനിങ് ടവര്‍ എന്നിവയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. 12 വര്‍ഷമായി ഫുഡ് കെയര്‍ റസ്റ്ററന്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മലബാര്‍ വിഭവങ്ങളാണ് ഏറ്റവും പ്രധാനം അതുകൊണ്ട് തന്നെ നാട്ടിലെ ഭക്ഷണം കഴിക്കാന്‍ മലയാളികളുടെ തിരക്കാണ് ഇവിടെ..
https://www.facebook.com/Malayalivartha