ബേക്കറിയിൽ ചായ കുടിക്കാനെത്തിയ യുവാക്കളിലൊരാൾ വാങ്ങിയ ബണ്ണിലെ ക്രീമിനെ ചൊല്ലി തർക്കം; കട ഉടമയ്ക്കും കുടുംബത്തിനും നേരെ യുവാക്കളുടെ ആക്രമണം; തലയ്ക്ക് മേജർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന യുവതിക്കും പരിക്കേറ്റു; കടയിൽ ചായ കുടിക്കാനെത്തിയ തങ്ങളെ കടമയുടമയും മറ്റും ആക്രമിച്ചതായി ആരോപിച്ച് യുവാക്കൾ

വൈക്കത്ത് ബണ്ണിലെ ക്രീമിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കൾ ബേക്കറി ഉടമയെയും കുടുംബത്തേയും ആക്രമിച്ചതായി പരാതി. സംഘർഷത്തിനിടയിൽ കടയിലെ സ്റ്റൂളിലിരുന്ന് ചായ കുടിച്ചിരുന്ന വയോധികനും അക്രമണത്തിൽ ഗുരുതര പരിക്ക്. സംഘർഷത്തിൽ അക്രമി സംഘത്തിനും പരിക്കേറ്റു.
ആക്രമണത്തിൽ പരിക്കേറ്റ വൈക്കം താലുക്ക് ആശുപത്രിക്കു സമീപത്തെ ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥ്, സിദ്ധിവിനായക്, 95 വയസ്സുള്ള വൈക്കം ആലുങ്കൽ വേലായുധൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം താലൂക്ക് ആശുപത്രിക്കു മുൻവശത്ത് പ്രവർത്തിക്കുന്ന ബേക്കറിയിലായിരുന്നു സംഭവം.
പരിക്കേറ്റ ശിവകുമാർ , ഭാര്യ കവിത മക്കളായ കാശിനാഥൻ, സിദ്ധിവിനായക്, കൈക്കും ഇടുപ്പിനും ഒടിവു പറ്റിയ വേലായുധൻ എന്നിവരെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറിയിൽ ചായ കുടിക്കാനെത്തിയ യുവാക്കളിലൊരാൾ വാങ്ങിയ ബണ്ണിലെ ക്രീമിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഈ സമയം കടയിലുണ്ടായിരുന്ന കട ഉടമയുടെ ഭാര്യ കവിത യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും
യുവാക്കൾ ഭർത്താവ് ശിവകുമാറിനെയും തലയ്ക്ക് മേജർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തന്നെയും മക്കളെയും യുവാക്കൾ ആക്രമിച്ചതായും കവിത പറഞ്ഞു. കടയിൽ ആക്രമണം നടത്തിയവർ മറവൻതുരുത്ത് പാലാംകടവ് സ്വദേശികളാണെന്ന് പറയപ്പെടുന്നു. അതേസമയം കടയിൽ ചായ കുടിക്കാനെത്തിയ തങ്ങളെ കടമയുടമയും മറ്റും ആക്രമിച്ചതായി ആരോപിച്ചു യുവാക്കളും വൈക്കം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























