മില്‍മയെ നെഞ്ചോട് ചേര്‍ത്തു... ശബരിമല പ്രക്ഷോഭ കാലത്ത് ഭക്തര്‍ക്ക് വേണ്ടി വലിയ പോരാട്ടം നടത്തി ശ്രദ്ധേയനായി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഭക്തരുടെ തൃപ്തി ക്ഷേത്രത്തിന്റെ ശുദ്ധി എന്ന ആപ്തവാക്യം നടപ്പിലാക്കി; അന്നദാനത്തെ അന്നപ്രസാദമാക്കി

മില്‍മ ചെയര്‍മാന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അങ്ങനെ ധാരാളം മേല്‍വിലാസമുള്ളയാളാണ് വിടപറഞ്ഞ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല പ്രക്ഷോഭ കാലത്ത് ഏറ്റവുമധികം കേട്ടിരുന്ന പേര്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പ്രയാര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്നുവരെ കേട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരനായി ഭക്തര്‍ക്ക് വേണ്ടി പോരാടാനാണ് ആഗ്രഹിച്ചത്.
പ്രയാര്‍ വെറും കോണ്‍ഗ്രസുകാരനല്ല. അന്നദാനത്തെ അന്നപ്രസാദമാക്കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഭക്തരുടെ തൃപ്തി ക്ഷേത്രത്തിന്റെ ശുദ്ധി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലെയും അന്നദാനം അന്നപ്രസാദം എന്ന് പേരിലാക്കി മാറ്റിയതു പ്രയാര്‍ ആണ്. ശബരിമലയിലെ ഉല്‍സവത്തോടനുബന്ധിച്ചു പമ്പയില്‍ നടക്കുന്ന ആറാട്ടിനു യുവതികളായ സ്ത്രീകള്‍ എത്തുന്നതു ദേവഹിതത്തിന് എതിരായതിനാല്‍ കര്‍ശനമായി തടയുമെന്നും പ്രസിഡന്റ് ആയിരുന്നപ്പോള്‍ പ്രയാര്‍ നിലപാട് എടുത്തു.
സ്ത്രീകള്‍ക്ക് സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കുന്നതിനു പെരിനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ സൗകര്യമൊരുക്കി. ശബരിമല ക്ഷേത്രത്തിന്റെ പേരു 'സ്വാമി അയ്യപ്പന്‍ ക്ഷേത്രം' എന്നാക്കി മാറ്റാനും പ്രയാര്‍ പ്രസിഡന്റ് ആയിരിക്കെ ബോര്‍ഡ് തീരുമാനം എടുത്തിരുന്നു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരെ പ്രയാറിന്റെ പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ്‌വിയാണ് പ്രയാറിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. സമരമുഖത്തും സജീവമായിരുന്നു പ്രയാര്‍.
ധരിക്കുന്ന വസ്ത്രത്തിന്റെ വെണ്‍മ പോലെയായിരുന്നു. ജീവിതവും അഴിമതിയുടെ കറ അല്‍പം പോലും ആ ജീവിതത്തില്‍ പുരണ്ടിട്ടില്ല. അതേ സമയം നിലപാടുകള്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. പതറാതെ, ആരുടെ മുന്നിലും അഭിപ്രായം പറയുമായിരുന്നു. പ്രയാറിന്റെ കാലത്താണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ കാലാവധി 2 വര്‍ഷമായി വെട്ടിക്കുറച്ചത്. അതുവരെ മൂന്നു വര്‍ഷമായിരുന്നു.
മണ്ഡലകാല വിലയിരുത്തലിന് പമ്പയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, തിരക്ക് ഒഴിവാക്കാന്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. അതു കഴിയില്ലെന്ന് അതേ വേദിയില്‍ പ്രയാര്‍ തുറന്നടിച്ചത് അന്നു ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി 2 വര്‍ഷമായി വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സ് ഇറക്കിയത്.
സന്നിധാനത്തേക്കു വെള്ളം എത്തിക്കുന്ന കുന്നാര്‍ തടയണ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയറെയും കൂട്ടി സന്ദര്‍ശിച്ചതും വിവാദമായിരുന്നു. ഇതിന് ചീഫ് എന്‍ജിനീയര്‍ക്ക് വനം വകുപ്പ് നോട്ടിസ് നല്‍കി. അഞ്ചു പേരില്‍ കൂടുതല്‍ കുന്നാറിലേക്കു പോയതും ഫോട്ടോയും വിഡിയോയും എടുത്തതും കുറ്റകരമാണെന്നും കാണിച്ചാണ് നോട്ടിസ് നല്‍കിയത്.
വനപാതയിലൂടെ ആദ്യമായി നടന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തീര്‍ഥാടകരുടെ ദുരിതം മനസ്സിലാക്കാന്‍ എരുമേലിയില്‍ നിന്നു 44 കിലോമീറ്റര്‍ ദൂരം നടന്നു പമ്പയില്‍ എത്തുകയായിരുന്നു. ഇതിനിടയില്‍ പല പ്രശ്‌നങ്ങളും തല്‍ക്ഷണം പരിഹരിക്കുകയും ചെയ്തു. അഴുത വരെ വാഹനത്തിലായിരുന്നു യാത്ര. തുടര്‍ന്നാണ് കാല്‍നടയാത്ര ആരംഭിച്ചത്.
അപകടത്തെ തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയില്‍ കാലില്‍ ഇട്ട സ്റ്റീല്‍ കമ്പിയുടെ പ്രയാസത്തെ അതിജീവിച്ചായിരുന്നു മലകയറ്റം. കാട്ടുകല്ലുകള്‍ നിറഞ്ഞ പാതയിലൂടെ ക്ലേശിച്ചും മരങ്ങളുടെ വേരുകളില്‍ പിടിച്ചുമാണു കുത്തനെയുള്ള കയറ്റം കയറിയത്. ജനവാസ കേന്ദ്രമായ അഴുതയിലെ വെളിച്ചക്കുറവും കുളിക്കടവ് ഇല്ലായ്മയും ശ്രദ്ധയില്‍പ്പെട്ടതോടെ ഇവ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു. അഴുതയില്‍ നിന്നാരംഭിച്ച നടത്ത പമ്പയില്‍ എത്തിയപ്പോള്‍ ഒന്‍പതര മണിക്കൂര്‍ പിന്നിട്ടിരുന്നു.
"
https://www.facebook.com/Malayalivartha























