രൂക്ഷയുദ്ധം... യുക്രെയിനിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ കയ്യേറിയതിന്റെ 20 ശതമാനം ഭാഗവും യുക്രെയ്ന്‍ തിരിച്ചുപിടിച്ചു; ഈ നില തുടര്‍ന്നാല്‍ ഈ മേഖലയില്‍ റഷ്യ തോല്‍ക്കും; സേനയ്ക്ക് കൂടുതല്‍ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി റഷ്യ പാലങ്ങള്‍ തകര്‍ക്കുന്നു

ഒരിടവേളയ്ക്ക് ശേഷം യുക്രെയിനില്‍ യുദ്ധം കടുക്കുകയാണ്. കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കിലെ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരത്തില്‍ റഷ്യ പരാജയ ഭീതിയിലാണ്. റഷ്യ കയ്യേറിയതിന്റെ 20 ശതമാനവും യുക്രെയ്ന്‍ തിരിച്ചുപിടിച്ചു.
പ്രധാന യുദ്ധമുഖമായി മാറിയ ഈ നഗരത്തില്‍ യുക്രെയ്ന്‍ സേനയ്ക്ക് കൂടുതല്‍ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി സെവെര്‍സ്‌കി ഡോണെറ്റ്‌സ് നദിയിലെ പാലങ്ങള്‍ ഒന്നൊന്നായി റഷ്യ തകര്‍ക്കുകയാണ്. റഷ്യന്‍ സേനയ്ക്കു കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നു ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹെയ് ഗയ്ദായ് പറഞ്ഞു. നദിക്കരയിലെ സ്വിയത്തോഗാര്‍സ്‌കി ക്രിസ്തീയ ആശ്രമത്തിന്റെ ഭാഗമായുള്ള തടിയില്‍ തീര്‍ത്ത പുരാതന ഓര്‍ത്തഡോക്‌സ് പള്ളി തീപിടിത്തത്തില്‍ നശിച്ചു.
ആശ്രമ സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടായിരുന്നെന്ന് സാംസ്‌കാരിക മന്ത്രി ഒലെക്‌സാണ്ടര്‍ തകാചെന്‍കോ പറഞ്ഞു. സിവീയറോഡോണെസ്റ്റ്‌സ്‌ക് റഷ്യ പിടിച്ചെടുത്താല്‍ പിന്നെ ലിസിചാന്‍സ്‌ക് നഗരം കൂടിയേ ലുഹാന്‍സ്‌കില്‍ യുക്രെയ്ന്‍ നിയന്ത്രണത്തില്‍ ശേഷിക്കുന്നുള്ളൂ.
അതേസമയം യുക്രെയ്ന്‍ സേനയില്‍ ചേര്‍ന്നു പോരാടിയ 4 വിദേശികള്‍ കൊല്ലപ്പെട്ടു. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണു കൊല്ലപ്പെട്ടത്. യുദ്ധത്തിന് നയതന്ത്ര പരിഹാരം സാധ്യമാകുമോ എന്നതിലും ആശങ്ക കനക്കുന്നു. റഷ്യന്‍ സേന അതിര്‍ത്തിയോളം പിന്മാറാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് യുക്രെയ്ന്‍ ആവര്‍ത്തിച്ചു.
കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌കില്‍ യുക്രെയ്ന്‍ പോരാളികള്‍ക്കെതിരെ വെടിയുതിര്‍ത്ത റഷ്യന്‍ ടാങ്ക് മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ പ്രതിരോധസേന തകര്‍ത്തത് വലിയ വാര്‍ത്തയായി. കുഴിബോംബുകള്‍ വിതറിയ പ്രദേശത്തിലൂടെ റഷ്യന്‍ സൈനികര്‍ ഓടിച്ചു കയറ്റിയ റഷ്യന്‍ ടാങ്കാണ് തകര്‍ന്നത്. മേയ് ആദ്യം നടന്ന സംഭവത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
യുക്രെയ്ന്‍ പോരാളികളെ ലക്ഷ്യമാക്കി വെടിയുതിര്‍ത്ത റഷ്യന്‍ ടാങ്ക് മുന്നോട്ട് കുതിക്കുന്നതിനിടെ കുഴിബോംബില്‍ ഇടിച്ചു. ആദ്യത്തെയും രണ്ടാമത്തെയും കുഴിബോംബ് പൊട്ടിത്തെറിച്ച് ഭാഗികമായി തകര്‍ന്നെങ്കിലും മുന്നോട്ടു കുതിക്കുന്നതിനിടെ യുക്രെയ്ന്‍ മിസൈല്‍ ടാങ്കില്‍ പതിക്കുകയായിരുന്നു. ടാങ്ക് പൂര്‍ണമായും തകര്‍ന്നുവെങ്കിലും ടാങ്കിലുണ്ടായിരുന്ന റഷ്യന്‍ സൈനികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ എത്തും മുന്‍പ് കിഴക്കന്‍ യുക്രെയ്‌നിലെ പ്രധാന മേഖലകള്‍ പിടിക്കാനാണ് റഷ്യയുടെ നീക്കം. കടുത്ത പോരാട്ടം നടക്കുന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ സിവീറോഡോണെറ്റ്‌സ്‌ക് നഗരത്തിലെ രാസ പ്ലാന്റിലെ നൈട്രിക് ആസിഡ് ടാങ്ക് റഷ്യ തകര്‍ത്തതായി യുക്രെയ്ന്‍ ആരോപിച്ചു. മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
സ്‌ഫോടനഫലമായി രാസവസ്തുക്കള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും വിഷവാതകം ശ്വസിക്കാന്‍ ഇടവരുത്തരുതെന്നും ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ സെര്‍ഹി ഗൈദായി അറിയിച്ചു. സിവീറോഡോണെറ്റ്‌സ്‌ക് നഗരത്തിന്റെ 70 ശതാനം നിയന്ത്രണം റഷ്യ കയ്യടക്കിയതായും സെര്‍ഹി ഗൈദായി അറിയിച്ചു.
റഷ്യന്‍ സൈനികരുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. റഷ്യയിലെ ഐവനോവോ പ്രവിശ്യയില്‍ ആണവ സേന നൂറിലേറെ വാഹനങ്ങളില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി പരിശീലനം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശബ്ദാതിവേഗ സിക്രോണ്‍ ക്രൂസ് മിസൈലുകളും റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha























