ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ വിജിലന്‍സ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി

സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ വിജിലന്‍സ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ആരോപണ വിധേയനായ ഒരാള്‍ക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. ആരോപണ വിധേയനായ വിജയ് സാഖറെക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
ഒരു കേസിലും കാണിക്കാത്ത ആവേശം സ്വപ്ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കാണിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍. ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണ്. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് കോടിയേരി പ്രതികരിച്ചത്. എന്നാല്‍ സ്വപ്നയെ ബെംഗളൂരുവിലേക്ക് കടത്തിയത് പോലെ ഷാജിനെ തമിഴ്‌നാട്ടിലേക്ക് കടത്തിയിരിക്കുകയാണ്. കള്ളക്കടത്ത് സ്വര്‍ണം എവിടെ പോയി എന്ന് കണ്ടെത്തണം. അതിലൊരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടിയെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയ്ക്കും സരിത്തിനും സംരക്ഷണം കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ട്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha