''പൊലീസുകാർ അധികകാലം ഇവിടെ വിലസാമെന്ന് കരുതേണ്ട!'' CIയ്ക്ക് ഭീഷണിയുമായി CPM നേതാവ്... നെടുമങ്ങാട് സി.ഐക്കെതിരെ സിപിഎം നേതാവിന്റെ ഭീഷണി

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്. നെടുമങ്ങാട് ഏരിയ സെക്രട്ടറി ജയദേവനാണ് ഭീഷണിമുഴക്കിയത്. പൊലീസുകാർ അധികകാലം ഇങ്ങനെ ഞെളിഞ്ഞ് ഇരിക്കാമെന്ന് കരുതേണ്ടെന്നാണ് മുന്നറിയിപ്പ്. സി ഐ സന്തോഷിനും, എസ് ഐ വിനോദ് വിക്രമാദിത്യന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടാണ് അധിക്ഷേപിച്ചത്. ഇവർ അഴിമതിക്കാരാണെന്നും പണപ്പിരിവ് നടത്തുന്നെന്നുമൊക്കെയാണ് ആരോപണം.
ഇതിനെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നെടുമങ്ങാട്ടെ ജനത കൈകാര്യം ചെയ്യുമെന്നും പറയുന്നുണ്ട്. നെടുമങ്ങാട് സിഐ കള്ളും കൈക്കൂലിയും വാങ്ങുന്ന ആളാണ്, പരാതിയുമായി ചെല്ലുന്നവരോട് മുഖത്ത് നോക്കാത്തവനാണ് തുടങ്ങിയ ആക്ഷേപങ്ങളാണ് സിപിഎം നേതാവ് ഉന്നയിച്ചത്. നെടുമങ്ങാട്ടെ ഹോട്ടലുകളിൽ നിന്നും ബാറുകളിൽനിന്നും പണം പിരിക്കുന്ന ആളാണ് സിഐ സന്തോഷ് എന്നും ആർ ജയദേവൻ പറഞ്ഞു. സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ആളാണ് സിഐ എന്നും ഏരിയാ സെക്രട്ടറി ആരോപിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി ജയദേവനും പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. മിക്ക കേസുകളിലും ഏരിയ സെക്രട്ടറിയുടെ ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നും നിയമത്തിനെതിരായതിനാൽ ചെയ്യുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.
പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിനിടെ കാനം രാജേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്നലെ ഏഐവൈഎഫ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ കോൺഗ്രസിന്റെ കൊടി കത്തിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അത് തടയുകയും ഇവരെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന യോഗത്തിലെ പ്രസംഗത്തിലാണ് സി.ഐ സന്തോഷിന്റെയും, എസ് ഐ വിനോദ് വിക്രമാദിത്യന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ട് അധിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം സിപിഎമ്മും എഐവൈഎഫും സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചു. ഇത് സിഐയുടെ നിർദേശപ്രകാരമാണ്. അദ്ദേഹം ബിജെപിക്കാരനാണെന്നും ഇടതു സർക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ അധികകാലം ഇവിടെ വിലസാമെന്ന് കരുതേണ്ടെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.
https://www.facebook.com/Malayalivartha
























