സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്നത്... ഷാജ് കിരണ്‍ എഡിജിപിയെ വിളിച്ചത് 7 തവണ; സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയ ദിവസം ഷാജ് ബിലീവേഴ്‌സ് ചര്‍ച്ച് വക്താവിനെ വിളിച്ചതായും ഫോണ്‍ രേഖയില്‍ കണ്ടെത്തി

ഷാജ് കിരണ്‍ എഡിജിപി അജിത്കുമാറിനെ വിളിച്ചത് ഏഴ് തവണ. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് എംആര്‍ അജിത് കുമാറിനെ വിളിച്ചത്. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് തൊട്ടുപിന്നാലെ നടത്തിയ ഫോണ്‍ കോള്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഈ മാസം എട്ടിന് രാവിലെ 11നും 1.30 നും ഇടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അജിത് കുമാറുമായി ഏഴ് തവണ ഷാജ് കിരണ്‍ ആശയവിനിമയം നടത്തിയത്. ഷാജ് അജിത് കുമാറിനെ മൂന്ന് തവണ അങ്ങോട്ടും നാല് തവണ തിരിച്ചും വിളിച്ചതായി രേഖകള്‍ പുറത്ത് വന്നു. ഫോണ്‍ കോളുകളെല്ലാം രണ്ട് മിനിറ്റില്‍ കൂടുതലുണ്ട്.
ഷാജ് കിരണും അജിത് കുമാറും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയങ്ങള്‍ നടന്നിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പൊളിച്ചുകൊണ്ട് നിലവില്‍ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയ ദിവസം ഷാജ് ബിലീവേഴ്‌സ് ചര്‍ച്ച് വക്താവിനെ വിളിച്ചതായും ഫോണ്‍ രേഖയില്‍ കണ്ടെത്തി.
സ്വപ്നയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോണ്‍ പിടിച്ചുവാങ്ങിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്.
എംആര്‍ അജിത് കുമാര്‍, എഡിജിപി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. രഹസ്യമൊഴി നല്‍കിയ തന്നെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എംആര്‍ അജിത് കുമാര്‍ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്‌സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്നു എം ആര്‍ അജിത് കുമാര്‍. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് എം ആര്‍ അജിത് വഴിയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















