പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അറുപത്തി ഒന്‍പതുകാരന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

പാലക്കാട് പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അറുപത്തി ഒന്‍പതുകാരന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ചുള്ളിമട സ്വദേശി കുമാരനെയാണ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. മിഠായി വാങ്ങിത്തരാമെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ച് പറമ്പിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
2017 ല്‍ വാളയാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പീഡന പരാതിയുണ്ടായത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ പുറത്തിറക്കി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആരോടും സംസാരിക്കാതെ മാറിയിരിക്കുന്നതും സ്‌കൂളില്‍ പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതുമാണ് സംശയത്തിന് ഇടയാക്കിയത്.
അംഗന്‍വാടി അധ്യാപികയാണ് ചൂഷണം ആദ്യം തിരിച്ചറിഞ്ഞത്. പിന്നാലെ വാളയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ സി.ഐയായിരുന്ന ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. ശാസ്ത്രീയ പരിശോധന ഫലം ഉള്‍പ്പെടെ കുമാരന്റെ കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായി.
പോക്‌സോ അതിവേഗ കോടതി ജഡ്ജി ടി.സഞ്ജുവാണ് വിവിധ വകുപ്പുകള്‍ കണക്കിലെടുത്ത് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. ഏറെ വിവാദമായ വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണത്തിന് ശേഷം വാളയാറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക പീഡനക്കേസിലെ ആദ്യ വിധിയാണ് പുറത്ത് വന്നത്. പോക്‌സോ കേസില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയുള്ള അന്വേഷണമാണ് ഫലം കണ്ടത്.
https://www.facebook.com/Malayalivartha






















