അതുറപ്പിച്ച് അതിജീവിത... കോടതിയിൽ താൻ തോൽക്കും പക്ഷേ ജീവിതത്തിൽ തോൽക്കില്ല... ഹൈക്കോടതിയിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

അതിജീവിതയായ നടിയെ ഒടുവിൽ സർക്കാരും കോടതിയും വഞ്ചിച്ചു. ഹൈക്കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത തൻ്റെ വിശ്വസ്തരോട് പറഞ്ഞതായി സൂചനയുണ്ട്. ദിലീപിൻ്റെ താരപ്രഭയിലും സാമ്പത്തിക ബലത്തിലും സ്വാധീനശക്തിയിലും എല്ലാവരും വീണെന്നാണ് അതിജീവിത കരുതുന്നത്. എന്നാൽ കോടതിയുടെ നിലപാട് കൂടി തനിക്ക് എതിരായതാണ് നടി യെ ആശങ്കയിലാഴ്ത്തിയത്..
ജഡ്ജിമാർക്ക് പെൺമക്കളില്ലേ? കഴിഞ്ഞ ദിവസം അതിജീവിതയായ നടി ഇങ്ങനെയൊരു ചോദ്യം ചോദിച്ചപ്പോൾ കോടതി മുഖം തിരിച്ചു. ഇതിനുള്ള മറുപടി പറയാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന മട്ടിലായിരുന്നു കോടതിയുടെ പെരുമാറ്റം.
പെൺമക്കളുള്ള മാതാപിതാക്കളെയെല്ലാം കരയിക്കുന്ന സംഭവങ്ങളാണ് തിങ്കളാഴ്ച ഹൈക്കോടതിയിൽ നടന്നത്. തനിക്ക് നീതി വേണമെന്ന അതിജീവിതയുടെ നിലവിളി ഹൈക്കോടതിയുടെ മതിൽ കെട്ടുകൾ തകർത്ത് പുറത്തുവന്നു. എന്നാൽ കണ്ണ് കെട്ടിയിരിക്കുന്ന നീതിദേവതയെ പോലെ കോടതിയുടെ ഇമകൾ പൂട്ടിയിരുന്നു. ഹൈക്കോടതിയുടെ പ്രതികരണം മനസിലാക്കിയ അതിജീവിത മനസിൽ ഇപ്രകാരം കുറിച്ചു.ഈ കേസിൽ ഞാൻ ജയിക്കില്ല.എന്നാൽ താൻ ഉറപ്പായും ജയിക്കുമെന്ന ആത്മവിശ്വാസമാണ് ചില സുഹ്യത്തുക്കൾ അവർക്ക് നൽകിയത്. എന്നാൽ ഒരാശ്വാസം എന്നതിലപ്പുറം ഇതിൽ മറ്റൊരു അത്ഭുതവും അതിജീവിതയായ നടിപ്രതീക്ഷിക്കുന്നില്ല.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലെത്തിപോഴാണ് സംഭവങ്ങളുടെ തനിനിറം പുറത്തായത്. കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. 'കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ അതിജീവിതയുടെ വാക്കുകൾ ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. അതിജീവിതക്ക് നിസഹായതയാവാൻ ഇതിൽ കൂടുതലെന്ത് വേണം?
ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. സർക്കാർ അതിജീവിതയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന തോന്നൽ കോടതിക്കുണ്ടായത് അ തിജീവിതക്ക് തിരിച്ചടിയായി.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു.ഇതോടെയാണ് കോടതി ക്ഷോഭിച്ചത്. ദ്യശ്യങ്ങൾ ചോർന്നെങ്കിൽ അക്കാര്യം ഫോറൻസിക് പരിശോധനയിൽ തെളിയുമായിരുന്നില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അപ്പോഴും ഇക്കാര്യം സമ്മതിക്കാതെ പ്രോസിക്യൂട്ടർ ആവശ്യമില്ലാതെ ഒച്ച വയ്ക്കുകയായിരുന്നു. കോടതി പറഞ്ഞത് സത്യമാണെങ്കിൽ അതിജീവിതയെ തെറ്റിദ്ധരിപ്പിക്കുന്നത് സർക്കാരാണ്.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ചോദിച്ചു.. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നുവെന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
2018 ഡിസംബര്‍ 13 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി
ജീവനക്കാരിലേക്ക് എത്തി. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഒടുവിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു.
വിചാരണ കോടതിയെ തന്നെയാണ് അതിജീവിത സംശയിക്കുന്നത്. എന്നാൽ മേൽകോടതിക്ക് അങ്ങനെയൊരു സംശയമേയില്ല. കോടതിയെ ആവശ്യമില്ലാതെ സംശയിക്കരുതെന്ന താക്കീതും ഹൈക്കോടതി നൽകി. ഇതാണ് സാഹചര്യം. താൻ ജയിക്കില്ലെന്ന് അതിജീവിത വിശ്വസിക്കാനുണ്ടായ സാഹചര്യവും ഇതുതന്നെയാണ്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കോടതിയുടെ കസ്റ്റഡിയിൽ നിന്ന് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംശയാസ്പദമാണെന്നും ദൃശ്യം മറ്റാരെങ്കിലും പരിശോധിച്ചോയെന്നത് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഹാഷ് വാല്യു മാറിയത് കേസിനെ എങ്ങനെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു. കേസിൽ കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപും അപേക്ഷ നൽകിയിട്ടുണ്ട്. രണ്ട് വട്ടം മെമ്മറി കാർഡ് ഫോറൻസിക് പരിശോധന നടത്തിയതാണെന്നും ഇപ്പോഴത്തെ ആവശ്യത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും അപേക്ഷയിൽ ദിലീപ് വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയും ഹൈക്കോടതി പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഈ മാസം 28-ന് പറയും. ഹർജിയിൽ വിചരണ കോടതിയിലെ വാദം പൂർത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസൻ, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ താനോ തന്‍റെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്‍റെ പക്കലില്ലെന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വ്യക്തമാക്കി.മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിൽ ആയിരുന്നു. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും ഈ സമയം താൻ കൊവിഡ് ബാധിതനായിരുന്നുവെന്നും അഡ്വ. ബി രാമൻപിള്ള കോടതിയിൽ വാദിച്ചു.
അതേസമയം തുടരന്വേഷണത്തിന്‍റെ ഭാഗമായി ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഏതാനും മാസങ്ങൾ മുമ്പ് അതിജീവിത തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വരി പങ്കുവച്ചിരുന്നു. അത് ഇങ്ങനെയാണ് . ഇപ്പോഴും അത് പ്രസക്തമാണ്.
മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശനഷ്ടം നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസ്സിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത്- കർമ്മ . കഴിഞ്ഞ സെപ്റ്റംബർ 18 നാണ് ഇത് പോസ്റ്റ് ചെയ്തത്. ബാംഗ്ലൂരിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. സാമൂഹിക മാധ്യമത്തിൽ നടി തീർത്തും സജീവമാണ്. മലയാളവും കടന്ന് തെന്നിന്ത്യൻ സിനിമയിലെത്തിയ താരത്തിന്റെ ഓരോ പോസ്റ്റും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ആക്രമണ കേസിൽ സാക്ഷികൾ കൂറുമാറിയ ഉടനെയാണ് താരം ഇത്തരമൊരു പോസ്റ്റിട്ടത്.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും നടി രേവതി അന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു.
നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസിയും രംഗത്തെത്തി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ രേവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. സഹപ്രവർത്തകരെപ്പോലും വിശ്വസിക്കാൻ കഴിയില്ല എന്നത് വേദനാജനകമാണെന്നും രേവതിയും ഫേസ്‍ബുക്കില്‍ കുറിച്ചു.
അതിജീവിച്ചവൾക്ക് ഒപ്പം നിൽക്കേണ്ടവർ കൂറ് മാറിയത് സത്യമാണെങ്കിൽ അതിൽ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്‍റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിനുപിന്നാലെ അവൾക്കൊപ്പം ക്യാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ്.
'ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാല് പേര്‍ അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. നമുക്കറിയാവുന്നത് പോലെ, ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്'-റിമ പറഞ്ഞു.
സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണെന്നാണ് രേവതിയുടെ കുറിപ്പ് തുടങ്ങുന്നത്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു 'സ്ത്രീ'യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ.
ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാൽ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു.
ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല. ഇരയായ യുവനടി ഏറെനാളായി പീഡനകേസിനെ കുറിച്ച് യാതൊന്നും പ്രതികരിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഭാമയുടെ പിൻമാറ്റം യുവ നടിയെ വല്ലാതെ വേദനിപ്പിച്ചു.. ആ സംഭവത്തിന് ശേഷം അതിജീവിത ഏറ്റവുമധികം വിഷമിക്കുന്നത് ഇപ്പോഴാണ്. എന്നാൽ ആരും ഇപ്പോൾ പ്രതികരിച്ചില്ല എന്നതാണ് വാസ്തവം.
https://www.facebook.com/Malayalivartha
























