അമ്മയില്‍ കൂട്ടയടി തുടരുന്നു... അമ്മ'യിലേത് മാഫിയാവല്‍ക്കരണമെന്നു രൂക്ഷവിമര്‍ശനവുമായി രഞ്ജിനി

താര സംഘടനയായ അമ്മയില്‍ കൂട്ടയടി തുടരുകയാണ്. ഒരു വശത്തു ഗണേഷും ഇടവേള ബാബുവും മറുവശത്തു ഷമ്മി തിലകനും വിജയ് ബാബുവും ചര്‍ച്ചയാകുകയാണ്. ഷമ്മി തിലകനെതിരായ 'അമ്മ'യുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി രംഗത്ത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടന്‍മാര്‍ക്കെതിരായ നടപടികള്‍ ദൗര്‍ഭാഗ്യകരമാണെന്ന്, രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു സംഘടനയില്‍ തുടരുകയുകയാണെന്നും ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി വ്യക്തമാക്കി. എം.എല്‍.എമാരായ ഗണേഷ് കുമാറിനെതിരെയും മുകേഷിനെതിരെയും നടി തന്റെ കുറിപ്പില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ മണ്ഡലത്തിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണു ചെയ്യുക എന്ന് ഇരുവരോടുമായി രഞ്ജിനി ചോദിച്ചു.
യുവനടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു കഴിഞ്ഞ ദിവസം നടന്ന 'അമ്മ' ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുത്തിരുന്നു. പീഡനക്കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ നിന്നും എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന്, വിജയ് ബാബു അംഗമായ മറ്റ് ക്ലബ്ബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം.
'അമ്മ'യും അതുപോലൊരു ക്ലബ്ബാണെന്നുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന്, 'അമ്മ' എന്ന ക്ലബില്‍ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നടന്‍ ജോയ് മാത്യു കത്തയച്ചു.
മാന്യമായ മറ്റൊരു ക്ലബില്‍ തനിക്ക് അംഗത്വമുണ്ട് എന്നും 'അമ്മ' എന്ന ക്ലബില്‍ അംഗത്വം ആഗ്രഹിക്കുന്നില്ല എന്നും ജോയ് മാത്യു കത്തില്‍ വ്യക്തമാക്കി. 'ക്ലബ്ബ്' എന്ന പദപ്രയോഗം തിരുത്തുകയോ, അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണം എന്നും ജോയ് മാത്യു കത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























