കേരള തീരത്ത് ഇന്ന് രാത്രി വലിയ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത; രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാവും! കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം

വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള കേരള തീരത്ത് ഇന്ന്(29-06-2022) രാത്രി വലിയ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാവുന്നതാണ്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരേണ്ടതാണ്.
അതോടൊപ്പം തന്നെ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം ജൂൺ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്.
ആയതിനാൽ തന്നെ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുകയുണ്ടായി.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 29-06-2022 മുതല്‍ 01-07-2022 വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ 01-07-2022 വരെയും മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























