അടിച്ചുമാറ്റിയ ഓട്ടോയുമായി പ്രതിയുടെ പരക്കംപാച്ചിൽ, വിടാതെ പിന്തുടർന്ന് പോലീസ്, ആത്മരക്ഷയ്ക്കായി ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ട് അമ്മയും മകളും, സംഭവം മട്ടാഞ്ചേരിയിൽ

കഴിഞ്ഞ ദിവസം ആത്മരക്ഷയ്ക്കായി ഓട്ടോയില്‍ നിന്ന് ചാടി പരിക്കേറ്റ നൂര്‍ജഹാനും മകള്‍ സാല്‍വയും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. കടവന്ത്രയില്‍ നിന്ന് മോഷ്ടിച്ച ഓട്ടോയുമായി മട്ടാഞ്ചേരിയില്‍ കറങ്ങിയ ആളുടെ ഓട്ടോയിൽ അബദ്ധത്തിൽ കയറി ആത്മരക്ഷയ്ക്കായി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു ഇരുവരും.
അതേസമയം മട്ടാഞ്ചേരി മരക്കടവില്‍നിന്ന് ഓട്ടോയില്‍ കയറുമ്പോള്‍ കുഴപ്പമൊന്നുമില്ലായിരുന്നെന്നും എന്നാല്‍, എവിടെയാണ് പോകേണ്ടതെന്ന് ചോദിക്കാതെ അയാള്‍ വണ്ടി വിട്ടെന്നും നൂർജഹാൻ പറയുന്നു. തുടർന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പിന്നില്‍ പോലീസ് വണ്ടി കണ്ടതായും, പിന്നീട് അയാള്‍ വണ്ടിയുമായി വേഗത്തിൽ പോയെന്നും അവർ പറഞ്ഞു. കൂടാതെ ഇടയ്ക്ക് ചില വാഹനങ്ങളില്‍ ഓട്ടോ തട്ടി. എന്നിട്ടും നിര്‍ത്തിയില്ല.
തുടർന്ന് ഇടറോഡിലേക്ക് ഓടിച്ചു കയറ്റിയപ്പോൾ ചാടാന്‍ തന്നെ തീരുമാനിച്ചതായി നൂർജഹാൻ പറഞ്ഞു.ഓട്ടോയിൽ നിന്നും ആദ്യം മകളാണ് ചാടിയത്. കുറച്ച് നീങ്ങിയപ്പോള്‍ ഞാനും ചാടി. തുടർന്ന് റോഡിലേക്ക് തല അടിച്ച് വീണു. തലയ്ക്ക് പരിക്കേറ്റിട്ടും നിര്‍ത്താതെ അയാള്‍ വണ്ടി ഓടിച്ചു പോയി.
നാട്ടുകാരാണ് തങ്ങളെ ആശുപത്രിയിലെത്തിച്ചതെന്ന് അവർ പറയുന്നു. പോലീസ് വണ്ടി പിന്നാലെ വരുന്നതു കണ്ടാണ് മോഷ്ടാവ് ഓട്ടോ വേഗത്തില്‍ ഓടിച്ചു പോയത്.എന്നാൽ നൂര്‍ജഹാനും മകള്‍ക്കും ഇക്കാര്യമറിയില്ലായിരുന്നു. ഏതെങ്കിലും വാഹനത്തില്‍ തട്ടിയതുകൊണ്ടാകും ഈ പാച്ചിലെന്നാണ് ആദ്യം അവര്‍ കരുതിയത്.
പിന്നീട് ഇവര്‍ ബഹളമുണ്ടാക്കിയപ്പോള്‍, എന്ത് പ്രശ്നമുണ്ടായാലും വണ്ടി നിര്‍ത്തില്ലെന്ന് മോഷ്ടാവ് പറഞ്ഞെന്നും നൂര്‍ജഹാന്‍ പറയുന്നു. അതേസമയം കടവന്ത്രയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കറങ്ങിയ ആളെ പിന്നീട് പോലീസ് പിടികൂടി.മട്ടാഞ്ചേരി മാളിയേക്കല്‍ പറമ്പില്‍ ഷിഹാബാണ് (25) പിടിയിലായത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയാണിതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























