ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...

ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയിൽ നാടകീയ നീക്കങ്ങളുമായി യൂത്ത് കോൺഗ്രസ്. ആക്രമണത്തിന്റെ വീഡിയോ തെളിവ് ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായെന്ന പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച റെയിൽവേ സുരക്ഷാസേന (ആർപിഎഫ്), അത്തരമൊരു സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ ഈ നീക്കം. യൂത്ത് കോൺഗ്രസ് കണ്ണൂർ, യൂത്ത് കോൺഗ്രസ് കേരള ഫേസ്‌ബുക്ക് പേജുകളിലൂടെയാണ് 'വീഡിയോ ചലഞ്ച്' സംബന്ധിച്ച പോസ്റ്ററുകൾ പുറത്തുവിട്ടത്.
മന്ത്രിയുടെ പരാതിയെത്തുടർന്ന് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) ആവശ്യപ്പെട്ടതനുസരിച്ചാണ് ആർപിഎഫ് ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ മന്ത്രിയെ തടയുന്നതോ ആക്രമിക്കുന്നതോ ആയ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. നിലവിൽ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























