ലീഗിന് വേണ്ടി ഗോൾവാൾക്കറെ തള്ളി പറഞ്ഞ സതീശന് അഡാർ പണി, 2024 ലും കട്ടയും പടവും മടങ്ങുമോ? പിണറായിയും കൂട്ടരും സതീശന് പണികൊടുക്കാൻ കാത്തിരിക്കുമ്പോൾ ചെന്നിത്തല വക എട്ടിന്റ പണി, 2024 ലും തൃക്കാക്കര ആവർത്തിച്ചില്ലെങ്കിൽ സതീശൻ്റെ കാര്യത്തിൽ തീരുമാനമാകും

മുസ്ലിം ലീഗിന് വേണ്ടി ഗോൾവാൾക്കറെ തള്ളി പറഞ്ഞ വി ഡി സതീശനെതിരെ രമേശ് ചെന്നിത്തലയുടെ അഡാർ നീക്കം. ഹിന്ദു മതത്തെ പൂർണമായി തള്ളുന്ന തരത്തിൽ സതീശൻ നടത്തിയ പ്രസ്താവനക്കെതിരെയാണ് ചെന്നിത്തലയും സതീശൻ വിരുദ്ധ ടീമും പ്രതിപക്ഷ നേതാവിനെതിരെ രംഗത്തിറങ്ങിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗിനെയും കൂട്ടുപിടിച്ച് കോൺഗ്രസ് നടത്തിയ നീക്കങ്ങളാണ് 2016 ലെയും 2021 ലെയും തോൽവിക്ക് കാരണമെന്ന യാഥാർത്ഥ്യം ഹൈക്കമാൻ്റിന് മുന്നിൽ സമർപ്പിച്ചിരിക്കുകയാണ് ചെന്നിത്തല വിഭാഗം.
ഇതേ ആവശ്യം ഉന്നയിച്ച് കെ പി സി സി അധ്യക്ഷൻ കെ.സുധാകരനും ഹൈക്കമാൻ്റിനെ സമീപിച്ചതായി മനസിലാക്കുന്നു. 2024 ൽ പാർലെമെൻറ് തെരഞ്ഞടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിൽ കലാപം പൊട്ടിപു റപ്പെട്ടത്. ഹിന്ദുക്കളുടെ സഹായമില്ലാതെ പാർലെമെൻറ് സീറ്റുകൾ ജയിക്കാൻ കഴിയില്ലെന്ന ഉത്തമവിശ്വാസം കോൺഗ്രസ്.നേതൃത്വത്തിനുണ്ട്.
ആർ.എസ് എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറിനെതിരായ പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിനയായത്. സതീശന് ആർ എസ് എസ് വക്കീൽ നോട്ടീസ് അയച്ചു. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ്. ഭരണഘടനയെ വിമര്‍ശിച്ചുള്ള സജി ചെറിയാന്‍റെ പ്രസംഗം വിവാദമായതിന് പിന്നാലെയായിരുന്നു വി ഡി സതീശന്‍റെ പ്രസ്താവന. ഗോൾവൾകർ ഭരണഘടനയെ വിമർശിച്ചത് കാണിച്ചു തരാനാണ് ആർ എസ് എസിൻ്റെ വെല്ലുവിളി.
ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര എന്ന പുസ്‍തകത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇതിനെതിരെയാണ് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് അയച്ചത്. സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.
ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന കാര്യം തന്നെയാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു.
ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്നാണ് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം.സതീശൻ്റെ പ്രസ്താവനയെ ഹിന്ദു വിരുദ്ധ പരാമർശമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഹിന്ദുക്കൾക്കെതിരെ അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കിലും ഗോൾവൾക്കർക്കെതിരായ നീക്കത്തെ ഹിന്ദു വിരുദ്ധമായി വ്യാഖ്യാനിച്ചു.
ചെന്നിത്തല ഇപ്പോഴും മൃദു ഹിന്ദുത്വ നിലപാട് തന്നെയാണ് പിന്തുടരുന്നത്.കെ.സുധാകരൻ്റെ നിലപാടും ഇതിൽ നിന്ന് വിരുദ്ധമല്ല. ഹിന്ദുക്കളിൽ നിന്നകന്നതാണ് കോൺഗ്രസിന് ക്ഷീണം ചെയ്തതെന്ന് വിശ്വസിക്കുന്ന നേതാക്കളാണ് ഇരുവരും. കോൺഗ്രസിനെ ഇsത്തു നിന്നും വലത്ത് നിന്നും നയിക്കുന്ന ഘടകകക്ഷികൾ പാർട്ടിയെ കുളം തോണ്ടി എന്നിവർ വിശ്വസിക്കുന്നു. കോൺഗ്രസിൻ്റെ നിയമസഭാ പരാജയത്തിന് കാരണം ഹിന്ദുക്കളെ പിണക്കിയ താണെന്നും ഇവർ കരുതുന്നു. ലീഗിനും കേരള കോൺഗ്രസിനുമെതിരെ ചെന്നിത്തല എക്കാലവും നിലപാട് സ്വീകരിച്ചതും ഹിന്ദുക്കളെ കൈയിലെടുക്കാൻ വേണ്ടിയാണ്. നിർഭാഗ്യവശാൽ കോൺഗ്രസ് ഹൈക്കമാൻറും ഇതേ വിശ്വാസമാണ് പുലർത്തുന്നത്. എന്നാൽ രാഹുൽ ഗാന്ധി മാത്രം ലീഗിനെ തള്ളിപ്പറയില്ല. കാരണം വയനാട്ടിൽ അദ്ദേഹത്തിന് ലീഗിനെ ഉപേക്ഷിക്കാൻ കഴിയില്ല.
ആർ എസ് എസ് വിരുദ്ധ പ്രസ്തവന പുറത്തുവന്നതിന് പിന്നാലെ ബി ജെ പി സതീശനെതിരെ അതിശക്തമായി രംഗത്തെത്തി. ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആലോചിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ പറഞ്ഞു. നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവന. സതീശൻ വിചാരധാര വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് എന്നും മുരളീധരൻ പ്രതികരിച്ചു.
മുമ്പ് മുഖ്യമന്ത്രിയായിരുന്നു ആർഎസ്എസിനെ ഇത്തരത്തിൽ വിമർശിച്ചത്. അവർ ഒറ്റയ്ക്ക് വോട്ട് കൊണ്ടുപോകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാടെന്നും മുരളി പറഞ്ഞു.ലീഗിനും കുഞ്ഞാലിക്കുട്ടിക്കും വേണ്ടിയാണ് സതീശൻ ഇങ്ങനെയൊരു വിമർശനം ഉന്നയിച്ചത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ യു ഡി എഫിൻറെ തോൽവിക്ക് കാരണം പി .കെ. കുഞ്ഞാലിക്കുട്ടി യായിരുന്നു. ഇത് പറഞ്ഞത് കോൺഗ്രസിൻറെയും ലീഗിൻറെയും ശത്രുക്കളാ യിരുന്നില്ല.
ലീഗ് അണികൾ തന്നെ ഇങ്ങനെ പറ ഞ്ഞു. മലപ്പുറത്തും കോഴിക്കോട്ടുമുള്ള യൂത്ത് ലീഗുകൾ സ്ഥിരമായി പറയുന്നത് കുഞ്ഞാപ്പയുടെ വരവാണ് യു ഡി എഫിൻറെ തോൽവിക്ക് കാരണമെന്നാണ്.ഇതു കൊണ്ടു തീർന്നില്ല. ഓഹരി കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറാണ് പി കെ. കുഞ്ഞാലിക്കുട്ടിയെന്നു വരെ ലീഗുകാർ പറഞ്ഞു.. യൂത്ത് ലീഗാണ് ആദ്യം കുഞ്ഞാപ്പക്കെതിരെ രംഗത്തെത്തിയത്.പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള മടങ്ങി വരവ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് യൂത്ത് ലീഗ് പറയുന്നത്.
ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരെ പോലെയാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങളെന്നും യൂത്ത് ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു വിമര്‍ശനം.പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കുറെ നാളായി ലീഗിൽ അപസ്വരങ്ങൾ ഉയരുന്നുണ്ടായിരുന്നു. പാർലെമെൻററി വ്യാമോഹങ്ങളുടെ അപ്പോസ്തലനായി കുഞ്ഞാപ്പ മാറുന്നുവെന്നത് പരാതിയിൽ കവിഞ്ഞ് ആരോപണമായി ഉയർന്നുതുടങ്ങിയിരുന്നു.
കഴിഞ്ഞ പാർലെമെൻറ് തെരഞ്ഞടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ പോയത് കേന്ദ്രത്തിൽ മന്ത്രിയാകാനാണെന്ന് എല്ലാവർക്കുമറിയാം. ഇത്തവണ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചത് കേരളത്തിൽ മന്ത്രിയാകാൻ വേണ്ടിയായിരുന്നു. എന്നാൽ കേന്ദ്രത്തിലും കേരളത്തിലും ഭരണം കിട്ടാതെ പോയി.ഇത്തവണ ലീഗിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതെ പോയത് കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കൾ കാരണമാണെന്നാണ് ലീഗ് അണികൾ വിശ്വസിക്കുന്നത്.
പി.കെ. ഫിറോസിനെ പോലെ ലീഗിന് വേണ്ടി മരിക്കാൻ നിന്നവരെ വിട്ടുവീഴ്ചയുടെ പേരിൽ ഒതുക്കിയതിൻറെ പാപഭാരവും കുഞ്ഞാലികുട്ടിയുടെ ചുമലിലാണ്.ഉമ്മൻചാണ്ടിയും ചെന്നിത്തലയും കേരള രാഷ്ട്രീയത്തിൽ നിന്ന് അകന്നതോടെയാണ് കുഞ്ഞാലിക്കുട്ടിക്ക് കഷ്ടകാലം തുടങ്ങിയത്. കെ.സുധാകരനോട് ലീഗിന് പറയത്തക്ക താത്പര്യമില്ല. ഇക്കാര്യം മനസിലാക്കിയാണ് സതീശൻ ലീഗുമായി അടുക്കുന്നത്. എന്നാൽ ലീഗ് അടുക്കാൽ 2026 ലും അധികാരത്തിലെത്താൻ കഴിയില്ലെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നു.
ഇതിനിടെ നിയമസഭാ തെരഞ്ഞടുപ്പിൽ ജയിക്കാൻ സതീശൻ ഹിന്ദു ഐക്യവേദിയുടെ വോട്ട് തേടിയെന്ന വിവരവും പുറത്തു വന്നു. ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി ആർ.വി.ബാബുവാണ് ഫെയ്സ് ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പറവൂരിൽ ആദ്യ തെരത്തടുപ്പിൽ സതീശൻ തോറ്റിരുന്നു. തുടർന്ന് നടന്ന തെരഞ്ഞടുപ്പിലാണ് തന്നെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സതീശൻ ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത്. ആർ എസ് എസ്.ആചാര്യൻ പി.പരമേശ്വരൻ്റെ പുസ്തക പ്രകാശനം നിർവഹിച്ചതും സതീശനാണെന്ന് ബാബു പറഞ്ഞു.2013 മാർച്ച് 24ന്ത്യശൂരിൽ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ പി.പരമേശ്വരനെ പുകഴ്ത്തി സതീശൻ സംസാരിച്ചതും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ചെന്നിത്തലക്കുള്ള ഹിന്ദു ആഭിമുഖ്യമാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും തെറിപ്പിച്ചത്. അതോടെ ഹിന്ദുക്കൾ കോൺഗ്രസിൽ നിന്നകലുകയും ചെയ്തു. എൻ എസ് എസിനും എസ്.എൻ.ഡി.പിക്കും സതീശതോട് വേണ്ടത്ര താത്പര്യമില്ല. ഇതെല്ലാം മുതലാക്കാനാണ് ചെന്നിത്തലയുടെ നീക്കം. മാത്രവുമല്ല സതീശന് അടുത്ത കാലത്തായി കൈവന്ന ഇമേജിൽ ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണ്. അതിൻ്റെ പണിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പിണറായിയും കൂട്ടരും സതീശന് പണികൊടുക്കാൻ കാത്തിരിക്കുമ്പോഴായിരുന്നു ചെന്നിത്തല പണിയുമായി എത്തിയത്. 2024 ലും തൃക്കാക്കര ആവർത്തിച്ചില്ലെങ്കിൽ സതീശൻ്റെ കാര്യത്തിൽ തീരുമാനമാകും.
https://www.facebook.com/Malayalivartha


























