‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9ന് ആണെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടുന്ന അസന്നിഹിത വിഭാഗത്തിന്റെ വോട്ടെടുപ്പാണ് 30 മുതൽ ഏപ്രിൽ 3 വരെ നടക്കുന്നത്. ഉദ്യോഗസ്ഥ സംഘം വീടുകളിലേക്ക് എത്തും. കോട്ടയം ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലായി 16,562 പേരാണ് വീട്ടിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയത്. മൈക്രോ ഒബ്സർവർ, പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, വിഡിയോഗ്രഫർ, പൊലീസ് ഓഫിസർ എന്നിങ്ങനെ 5 പേരടങ്ങുന്ന 200 പ്രത്യേക പോളിങ് സംഘങ്ങളെ വീട്ടിൽ വോട്ടിന് നിയോഗിച്ചു. വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
∙ റിട്ടേണിങ് ഓഫിസർമാർ പോളിങ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും.
∙ ഇവർ ബിഎൽഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തും.
∙ രഹസ്യസ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് വീട്ടിൽ സംവിധാനമൊരുക്കും.
∙ വോട്ടു രേഖപ്പെടുത്തിയ ശേഷം പോളിങ് സംഘത്തിന്റെ പക്കലുള്ള പെട്ടിയിൽ ബാലറ്റ് നിക്ഷേപിക്കും.
∙ ബാലറ്റ് അന്നുതന്നെ റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറി സ്ട്രോങ് റൂമിലേക്കു മാറ്റും.
https://www.facebook.com/Malayalivartha

























