കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!

സിനിമകളെ പോലും വെല്ലുന്ന അതിക്രൂരമായ ഒരു കൊലപാതക വാർത്തയാണ് വിശാഖപട്ടണത്ത് നിന്ന് പുറത്തുവരുന്നത്. പ്രതി മറ്റാരുമല്ല, ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ദേഗയിലെ ഉദ്യോഗസ്ഥൻ ചിന്തട രവീന്ദ്ര. തന്റെ കാമുകിയായ മൗനികയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസ് പുറത്തുവിടുന്നത്.
2021-ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും. എന്നാൽ 2024-ൽ രവീന്ദ്ര മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്നങ്ങൾ തുടങ്ങി. വിവാഹത്തിന് ശേഷവും മൗനികയുമായുള്ള ബന്ധം ഇയാൾ തുടർന്നിരുന്നു. കഴിഞ്ഞ ദിവസം തർക്കത്തിനിടെ മൗനികയെ കൊലപ്പെടുത്തിയ രവീന്ദ്ര, മൃതദേഹം കഷണങ്ങളാക്കാൻ ഓൺലൈനിലൂടെയാണ് കത്തി ഓർഡർ ചെയ്തത്! ശരീരത്തിന്റെ ചില ഭാഗങ്ങൾ വിജനമായ സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചുകളഞ്ഞു.
ബാക്കിയുള്ളവ സ്വന്തം വീട്ടിലെ ഫ്രിഡ്ജിൽ ഒളിപ്പിച്ചു. മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും, ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. ഒടുവിൽ രവീന്ദ്ര തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മൗനികയുടെ തലയടക്കമുള്ള ശരീരഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ഇപ്പോൾ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























