'കോത്താഴത്തെ ഗ്രാമ്യഭാഷ' മണി ചുടുചോറ് വാരുന്ന കുട്ടിക്കുരങ്ങൻ! വെടി പൊട്ടിച്ച് രാജ്മോഹന്‍ ഉണ്ണിത്താൻ

വടകര എംഎല്‍എ കെ കെ രമക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചുടുചോറു വാരുന്ന കുട്ടിക്കുരങ്ങനാണ് മണി. മുഖ്യമന്ത്രിയാണ് മണിയെ കൊണ്ട് രമയ്‌ക്കെതിരെ പറയിച്ചത്. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിയ്‌ക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടെ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല’ എന്നായിരുന്നു മണിയുടെ പരാമർശം.
ഇതിന് പിന്നാലെ നിരവധി നേതാക്കൾ മണിയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിപിഐ നോതാവായ ആനി രാജയും രംഗത്തെത്തിയിരുന്നു. മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരു പക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാവും എന്നായിരുന്നു ആനി രാജയുടെ പ്രതികരണം.
ഇതിന് പിന്നാലെ ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത്’ എന്ന് മണി അധിക്ഷേപിച്ചിരുന്നു. ദേശീയ നേതാവിനെ അധിക്ഷേപിച്ചിട്ടും പാർട്ടി മൗനം പാലിക്കുന്നതിൽ നേതാക്കൾക്കിടയിൽ തന്നെ വിമർശനമുയർന്നിരുന്നു. മണി മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എം.എം.മണിയുമായുള്ള തർക്കത്തിൽ ആനി രാജയെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന നേതൃത്വം നിലകൊള്ളുകയാണ്.
നിയമസഭയിൽ മണി നടത്തിയ പരാമർശത്തിന് അവിടെ തന്നെ പരിഹാരം കാണണമെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നിലപാട് പറയേണ്ട വേദിയിൽ പ്രതികരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചിഞ്ചുറാണി ഒഴിഞ്ഞുമാറി.
കെ.കെ.രമയെ പിന്തുണച്ച ആനി രാജയെയും എം.എം.മണി അധിക്ഷേപിച്ചത് വ്യാപക പ്രതിഷേധമാണുണ്ടാക്കിയത്. പക്ഷെ സിപിഐ സംസ്ഥാന നേതൃത്വം വിവാദത്തിൽ കക്ഷിചേരാതെ ആനിക്കെതിരായ നിലപാടിലാണ്. സിപിഎം-കോൺഗ്രസ് തർക്കത്തിൽ ആനി അനാവശ്യമായി ഇടപെട്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
എന്നാൽ ഇതിൽ തന്റേടത്തോടെ ഒരു നിലപാട് സ്വീകരിച്ച് രംഗത്ത് വന്നത് സിപിഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയാണ്. 'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷ എന്ന് പറഞ്ഞ് ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്നും ശിവരാമൻ പ്രതികരിച്ചിരുന്നു. ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















