സങ്കടം അടക്കാനാവാതെ..... തുണികള്‍ അലക്കി വച്ച നിലയില്‍.....ആറു മാസം മുമ്പ് നവീകരിച്ച കുളത്തില്‍ കുളിക്കുന്നതിനിടെ പായലില്‍ കുരുങ്ങി യുവാവ് മുങ്ങി മരിച്ചു

സങ്കടം അടക്കാനാവാതെ..... തുണികള്‍ അലക്കി വച്ച നിലയില്‍.....ആറു മാസം മുമ്പ് നവീകരിച്ച കുളത്തില്‍ കുളിക്കുന്നതിനിടെ പായലില്‍ കുരുങ്ങി യുവാവ് മുങ്ങി മരിച്ചു.
നഗരസഭയിലെ പള്ളിവിളാകം വാര്‍ഡിലെ തൊഴുക്കല്‍, കുഴിവിള, ഹാപ്പി വില്ലയില്‍ മണിയന്‍പിള്ളയുടെയും വത്സലയുടെയും മകന്‍ എം.സജികുമാര്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ നെയ്യാറ്റിന്‍കര വെമ്പനിക്കര കുളത്തിലായിരുന്നു സംഭവം നടന്നത്.
പെയിന്റിങ് തൊഴിലാളിയാണ് അവിവാഹിതനായ സജികുമാര്‍. ഞായറാഴ്ച രാവിലെ കുളിക്കാനും തുണികള്‍ നനയ്ക്കാനുമായി കുളത്തില്‍പോയി. തുണികള്‍ നനച്ചുവെച്ച ശേഷം കുളിക്കുന്നതിനിടെ കുളത്തിലെ പായലില്‍ കുരുങ്ങിപ്പോകുകയായിരുന്നു. സമീപത്തുള്ളവര്‍ നോക്കുമ്പോള്‍ കടവില്‍ തുണികള്‍ അലക്കിവെച്ചിട്ടുണ്ട്. എന്നാല്‍ സജികുമാറിനെ കാണാനില്ല.
പെട്ടെന്ന് തന്നെ നാട്ടുകാരിലൊരാള്‍ കുളത്തിറങ്ങി തിരഞ്ഞപ്പോള്‍ സജികുമാര്‍ ഉടുത്തിരുന്ന തോര്‍ത്ത് കിട്ടി. തുടര്‍ന്ന് നെയ്യാറ്റിന്‍കര അഗ്നിശമനസേനയില്‍ നിന്നും മുങ്ങല്‍വിദഗ്ധരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സജികുമാറിന് നീന്താനറിയാം. എന്നാല്‍ കുളത്തില്‍ വളര്‍ന്നുനിറഞ്ഞ പായലിന്റെ വേരുകളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. സന്തോഷ്‌കുമാര്‍, സജിതമോള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30-ന്. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
അതേസമയം ഈ കുളം 28 ലക്ഷം രൂപ മുടക്കിയാണ് നഗരസഭ ആറു മാസം മുന്‍പ് നവീകരിച്ചത്. കുളം നവീകരണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആക്ഷേപങ്ങളെ തുടര്‍ന്ന് കുളം നവീകരണം ഏറെനാള്‍ മുടങ്ങിപ്പോയിരുന്നു. ആറു മാസം മുന്‍പാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ചെളികോരാതെ നവീകരണം നടത്തിയതാണ് കുളത്തില്‍ അപകടകരമാം വിധത്തില്‍ പായലുകള്‍ പെരുകിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha






















