ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി, ദുരൂഹസാഹചര്യത്തിൽ രണ്ട് മലയാളികളുടെ മൃതദ്ദേഹം തമിഴ്‌നാട്ടിൽ റോഡരികിൽ, 100 മീറ്റർ അകലെ കേരള രജിസ്ട്രേഷൻ കാറും കണ്ടെത്തി, കൊലപാതകമെന്ന് പൊലീസ് പ്രാഥമിക നിഗമനം

ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ ദുരൂഹസാഹചര്യത്തിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിലെ കൽക്കുവാരിക്ക് സമീപമാണ് മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ ജോർജിന്റെ മകൻ നെവിൽ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ വരാഹമൂർത്തി ക്ഷേത്രത്തിനുസമീപം വലിയവീട്ടിൽ പരേതനായ വിശ്വനാഥ പൈയുടെ മകൻ ശിവകുമാർ പൈ (50) എന്നിവരാണ് മരിച്ചത്.
രാവിലെ വനത്തിലൂടെ കന്നുകാലികളെ മേയ്‌ക്കാൻ പോയവരാണ് ധർമ്മപുരി – സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികിലാണ് സാരമായ പരിക്കുകളോടെ മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ 10 മീറ്റർ അകലത്തിലായിരുന്നു.
100 മീറ്റർ അകലെ കേരള രജിസ്ട്രേഷൻ കാറും കണ്ടെത്തി. കാറിന്റെ രജിസ്‌ട്രേഷൻ നമ്പറും, ഇരുവരുടെയും തിരിച്ചറിയൽ കാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളികളാണെന്ന് വ്യക്തമായത്.ഊട്ടിയിൽ വർഷങ്ങൾക്ക് മുമ്പാണ് നെവിലും സുഹൃത്തുക്കളും ചേർന്ന് ഭൂമി വാങ്ങിയത്.
തിരുവനന്തപുരത്ത് എൻജിനീയറായിരുന്ന നെവിൽ നാല് ദിവസം മുമ്പാണ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് തിരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേരെ കുറിച്ചോ മരിച്ച ശിവകുമാറിനെ പറ്റിയോ തങ്ങൾക്ക് അറിയില്ലെന്നും ഇവർ പറയുന്നു.
ശിവകുമാർ പൈ ഞായറാഴ്ചയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ധർമ്മപുരി പൊലീസ് ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും പോസ്റ്റ്മോർട്ടം.
https://www.facebook.com/Malayalivartha

























