സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തിന്റെ പുറത്തുള്ള ഒരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തിന്റെ പുറത്തുള്ള ഒരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
കേസ് ബംഗളുരുവിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവര്‍ പ്രതികളായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള 610/2020 നമ്പര്‍ കേസാണ് ബംഗളുരുവിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് പുതുതായി മൊഴി നല്‍കിയതിനു പിന്നാലെയാണ് കേസ് കേരളത്തില്‍ നിന്ന് മാറ്റാന്‍ ഇഡി പദ്ധതിയിട്ടത്.
ഡല്‍ഹിയില്‍ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പ്രതിയായ സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടന്നത്.
കേന്ദ്ര ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുമാണ് യോഗങ്ങളില്‍ പങ്കെടുത്തത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്ന ശേഷം അവര്‍ക്കെതിരെ എടുത്ത കേസും പൊലീസിന്റെ ഇടപെടലുകളും ഈ യോഗങ്ങളില്‍ ചര്‍ച്ചയായി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്നയുടെ മൊഴി ജൂണ്‍ 22, 23 തീയതികളില്‍ ഇ.ഡി രേഖപ്പെടുത്തിയിരുന്നു. സ്വപ്ന സ്വന്തം നിലയില്‍ മജിസ്‌ടേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്.
കോടതി മാറ്റാന്‍ ഇ.ഡിയെ പ്രകോപിപ്പിച്ചത ്1. സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളുടെ പേരു പറഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തു. (ഈ കേസുകള്‍ ഹൈക്കോടതി പിന്നീട് റദ്ദാക്കി)മാത്രവുമല്ല ഇ.ഡി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വി.കെ. മോഹനനെ ജുഡിഷ്യല്‍ കമ്മിഷനായി നിയമിച്ചു. (ഇതു ഹൈക്കോടതി സ്റ്റേ ചെയ്തു.)കൂടാതെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഉന്നത പദവിയുള്ള ശിവശങ്കര്‍ സാക്ഷികളെ സ്വാധീനിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ ഇടപെടുവിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും സ്വപ്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം.
സ്വപ്നയെ കേസുകളില്‍ കുടുക്കി മൊഴി മാറ്റാന്‍ സര്‍ക്കാരും പൊലീസും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ആരോപണമുണ്ട്.
അതേസമയം നിലവില്‍ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ്. കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടലുകള്‍ ഉണ്ടാകുമോയെന്നു സംശയിക്കുന്നുണ്ട്.
സ്വര്‍ണക്കടത്തു കേസുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളെ പറ്റി തുടരന്വേഷണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍ .
"
https://www.facebook.com/Malayalivartha