അതിരുകടന്ന അടിവസ്ത്ര പരിശോധന, ‘നീറ്റ്’ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകൻമാർ അറസ്റ്റിൽ, നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു, എൻടിഎ നിയോഗിച്ച അന്വേഷണ കമ്മീഷൻ കോളജ് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും...!

മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്ര പരിശോധന നടത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നതാണ് കുറ്റത്തിൽ ആയൂർ കോളജ് അധ്യാപകൻ പ്രിജി കുര്യൻ ഐസകും നീറ്റ് നിരീക്ഷകൻ ഡോ.ഷംനാദുമാണ് അറസ്റ്റിലായത്. നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സ്ത്രീകളെ അറസ്റ്റു ചെയ്തിരുന്നു. പരീക്ഷാ കേന്ദ്രമായിരുന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ ശുചീകരണ ജീവനക്കാരായ എസ്.മറിയാമ്മ (46), കെ.മറിയാമ്മ (45), പരിശോധനാ ഡ്യൂട്ടിക്കു സ്വകാര്യ ഏജൻസി വഴിയെത്തിയ ഗീതു (27), ബീന (34), ജ്യോത്സ്ന ജ്യോതി (21) എന്നിവരെയാണു ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് കേസ്.
റിമാൻഡിലായ കോളേജിലെ രണ്ട് ശുചീകരണ ജീവനക്കാർക്ക് നിയമസഹായം നൽകാനാണ് കോളജ് മാനേജ്മെന്റിന്റെ തീരുമാനം. കോളജിന് നേരെയുണ്ടായ ആക്രമണങ്ങളുടെ പേരിൽ നാശനഷ്ടങ്ങൾ ഉണ്ടായതിൽ പ്രതികളിൽ നിന്ന് നഷ്ടപരിഹാരം തേടി നിയമനടപടി തുടങ്ങിയെന്ന് കോളജ് സെക്രട്ടറി അറിയിച്ചു. അതേസമയം എൻടിഎ നിയോഗിച്ച അന്വേഷണ കമ്മീഷൻ വൈകാതെ കോളജ് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും.
https://www.facebook.com/Malayalivartha