ഇഡിക്ക് ഇടംകോലിട്ട് ശിവശങ്കർ! സുപ്രീംകോടതിയില്‍ പാഞ്ഞെത്തി... സ്വപ്നയ്ക്കെതിരെ പൂഴിക്കടകൻ... ഇഡി നീക്കത്തിൽ ഭയന്ന് ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ കോടതി മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്നാണ് ആവശ്യം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടന്നിരുന്നത്. ഇവിടെ നിന്ന് ബെംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തിരുന്നു.
വിചാരണ സംബന്ധിച്ച കാര്യങ്ങളിൽ സാക്ഷികളെ അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇഡി മുന്നോട്ടുവന്നത്. സംസ്ഥാന സർക്കാർ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ആശങ്കയുള്ളതായി ഇഡി നൽകിയ ട്രാൻസ്ഫർ ഹർജിയിൽ വ്യക്തമാക്കുന്നു.
എന്നാൽ ഈ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്നാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ശിവശങ്കർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിയുടെ ട്രാൻസ്ഫർ ഹർജി അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് ശിവശങ്കറിന്റെ നീക്കം. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ നടപടിയെന്നാണ് സൂചന.
"അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്.
അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു". കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പ്രതിയായ സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടന്നത്. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേരള പോലീസും, ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇ ഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി സന്ദീപ് നായരേ ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി ഹര്‍ജിയില്‍ അവകാശപ്പെടുന്നു. കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും പിണറായി സർക്കാരിൻ്റെ അടിമകളാണെന്നാണ് ഇ.ഡി. പറയുന്നത്. ആരു പറഞ്ഞാലും പിന്നോട്ടില്ലെന്ന നിലപാടാണ് ഇ ഡി സ്വീകരിക്കുന്നത്. കാരണം പിണറായിക്കെതിരെ അവരുടെ വിരോധം അത്രമേൽ ആഴത്തിലുള്ളതാണ്. പിണറായിയും സർക്കാരും ചേർന്ന് തങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്തതായി ഇ. ഡി വിശ്വസിക്കുന്നു.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതാണ് ഇ ഡിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നടപടിയെന്ന് ഇ.ഡി. മനസിലാക്കി. രണ്ടു കേസുകളും ഹൈക്കോടതി പിന്നീട് റദ്ദാക്കി.കേസ് റദ്ദാക്കാതിരുന്നെങ്കിൽ ഉദ്യോഗസ്ഥർ നിയമ വലയിൽ അകപ്പെടുമായിരുന്നുവെന്ന് ഇ.ഡി.കരുതുന്നു. ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ ജസ്റ്റിസ് വി.കെ മോഹനൻ കമ്മിഷനെ നിയോഗിച്ചതും ഇ.ഡിയെ പ്രകോപിപ്പിച്ചു.
സീനിയർ ഐ.എ എസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറെ സർവീസിൽ തിരിച്ചെടുത്തതും ഇഡിയെ പ്രകോപിപ്പിച്ചു. ഉന്നത പദവിയിലിരുന്ന് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് ഇ.ഡി കരുതുന്നു. സ്വപ്നയെ കേസിൽ കുരുക്കി മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റിക്കാൻ ശ്രമിക്കുന്നതും കേന്ദ്ര ഏജൻസിയെ പ്രകോപിപ്പിക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസ് ബംഗളുരുവിലേക്ക് മാറ്റണം എന്നാവശ്യപെട്ട് ഇ.ഡി.സുപ്രിം കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയെ കുരുക്കണമെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ്. കേസ് കോടതി പരിഗണിക്കുമ്പോൾ മുഖ്യമന്ത്രിക്കെതിരെ പ്രതികൂല പരാമർശം ഉണ്ടായാൽ അദ്ദേഹം സ്ഥാനം രാജിവയ്ക്കേണ്ടി വരും.മുമ്പ് പ്രതികൂല പരാമർശങ്ങളുടെ പേരിൽ മന്ത്രിമാർ രാജിവച്ച ചരിത്രം കേരളത്തിലുണ്ടായിട്ടുണ്ട്. എന്തിന് ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയായിരുന്ന കെ. ടി. ജലീൽ രാജി വച്ചത്.
മുഖ്യമന്ത്രിക്കെതിരെ ഇന്ത്യയിലെ എണ്ണപ്പെട്ട അഭിഭാഷകരെ തന്നെ രംഗത്തിറക്കാനാണ് ഇഡി പദ്ധതിയിടുന്നത്. സ്റ്റാൻ്റിംഗ് കൗൺസലിന് പകരം പുറത്തു നിന്നും അഭിഭാഷകരെ സുപ്രീംകോടതിയിലെത്തിക്കാൻ ഇ.ഡി. ആലോചിക്കുന്നു. സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടയിൽ മുഖ്യമന്ത്രിക്കെതിരെ കോടതി അവിശ്വാസം രേഖപ്പെടുത്തിയാൽ അദ്ദേഹത്തിന് തൽസ്ഥാനം രാജിവയ്ക്കേണ്ടി വരും. സുപ്രീം കോടതിയുടെ ഉത്തരവായതിനാൽ അപ്പീൽ നൽകാനും കഴിയുകയില്ല.
സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അന്വേഷണങ്ങൾ നടത്താൻ നിലവിൽ സാധ്യതകൾ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ ഉടമസ്ഥതയിലുളള എക്സാലോജിക്കിന്‍റെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില രേഖകൾ നേരത്തെ തന്നെ ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതുമായി കൂട്ടിയിണക്കി അന്വേഷണം തുടരാം.
ബിലീവേഴ്സ് ചർച്ച് അടക്കം മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുയർന്ന സ്ഥാപനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതിന്‍റെ ചുവടുപിടിച്ച് വീണാ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്നാണ് ഇ.ഡി കരുതുന്നത്. ഇതുണ്ടാക്കുന്ന രാഷ്ട്രീയ കോലാഹലം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരും കണക്കുകൂട്ടുന്നു. ഇതുവഴി പറ്റുമെങ്കിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്താമെന്നാണ് ഇ.ഡി.കരുതുന്നത്.
https://www.facebook.com/Malayalivartha