സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫുകൾ പെൻഷൻ ലഭിക്കാൻ, ജീവത്യാഗം ചെയ്ത് മന്ത്രി റിയാസ്?

പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ തുറന്ന പോരിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുവാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. ഈ സർക്കാർ നയത്തിനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി നിലപാടെടുത്തിരുന്നു. അങ്ങനെ വലിയ വിവാദങ്ങളായിരുന്നു രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സംഭവിച്ചത്. പേഴ്സണൽ സ്റ്റാഫ് വിഷയം ഇപ്പോഴും ചൂടേറിയ ഒരു ചർച്ചയാണ്.
അതിനിടയിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ എണ്ണം കൂട്ടിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. 4 പേരെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 25ൽ നിന്ന് 29 ആയി ഉയർന്നു. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിന്‍റെ എണ്ണം 25 ആണ്.
ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ചതിനെ തുടർന്ന് രാജിവച്ച മുൻ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിൽ ഉണ്ടായിരുന്ന അഞ്ചു പേരെയാണ് മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിലേക്ക് മാറ്റിയത്. വി.എൻ.വാസവന്റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എൽഡിഎഫ് നയം. ഇതിനു വിരുദ്ധമായാണ് ഇപ്പോഴത്തെ നടപടി. പുതുതായി നിയമിച്ചവർക്ക് പെൻഷൻ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്.
സ്റ്റാഫിന്റെ പെൻഷൻ ഉറപ്പു വരുത്താൻ വേണ്ടിയാണ് ഈ മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം. സജി ചെറിയാൻ രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിലേക്ക് മാറ്റിയത്. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറാം തീയതിയാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവച്ചത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആ പദവിയിൽ വരുന്ന ചെറിയ ഒരു ഇടവേള പോലും പെൻഷൻ ആനുകൂല്യങ്ങൾക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്സണൽ സ്റ്റാഫിന്‍റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം. ഒരു വർഷത്തെ തുടർച്ചയായ സർവീസാണ് പെൻഷന് പരിഗണിക്കുക.
എന്നാൽ ഇത് മുൻകൂട്ടി കണ്ടിട്ടായിരിക്കണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ തന്നെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചത്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനെതിരെ പരസ്യമായി നിലപാടെടുത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പഴ്സനൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞെങ്കിലും മറുപടി നൽകാതെ സർക്കാർ പിൻവലിയുകയാണ്.
പേഴ്സനൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരുമായി തർക്കം നിലനിൽക്കുമ്പോഴാണ്, പേഴ്സനൽ സ്റ്റാഫുകളുടെ എണ്ണവും ശമ്പള സ്കെയിലും വിദ്യാഭ്യാസ യോഗ്യതയും ഗവർണറുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ഇതു സംബന്ധിച്ച ഉത്തരവും ചീഫ് സെക്രട്ടറി രാജ്ഭവനു കൈമാറിയെങ്കിലും, വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല.
https://www.facebook.com/Malayalivartha