പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോട് നന്ദി പറയണം....

കഴിഞ്ഞ നിയസഭാ സമ്മേളനം ശക്തമായ വാദപ്രതിവാദങ്ങളുടെയും പൊളിച്ചെഴുത്തുകളുടെയും വേദി മാത്രമായിരുന്നില്ല, പ്രതിപക്ഷം അതിശക്തമെന്ന് തെളിയിക്കപ്പെടുക കൂടിയായിരുന്നു. പ്രതിപക്ഷത്തേകുരുക്കാൻ നിരവധി അരക്കില്ലങ്ങൾ പണിത് കാത്തിരുന്ന ഭരണപക്ഷത്തിന് കാണേണ്ടി വന്നത് വേതാളത്തെ വിവേകത്തോടെ നേരിട്ട വിക്രമാദിത്യന്റെ മികവേടെ ഭരണപക്ഷത്തെ നേരിട്ട വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിലെ തന്ത്രശാലിയെയാണ്.
ഭരണപക്ഷത്തിന്റെ കെണികളെല്ലാം പ്രതിപക്ഷ നേതാവിന്റെ മികവ് മാലോകരെ അറിയിക്കാനുള്ള വേദിയായി മാറുകയായിരുന്നു. സഭയിൽ സ്വർണ്ണക്കള്ളക്കടത്ത് ചർച്ച ചെയ്യാതിരിക്കാൻ സഭയ്ക്കകത്തും പുറത്തും ഉഡായിപ്പ് പൊട്ടാസുകൾ ദിനംപ്രതി പൊട്ടിച്ചുകൂട്ടിയ ഭരണതന്ത്രത്തിൽ ഒന്നായിരുന്നു 'വൈധവ്യവിധി' എന്ന മണി കിലുക്കം.
ഇതേത്തുടർന്ന് പ്രതിപക്ഷം കൂട്ട മണിയടിച്ച് സഭ പിരിച്ചു വിടാനാവുന്ന സാഹചര്യമൊരുക്കും എന്നു കരുതിയ മുഖ്യന്റെ കണക്കുകൂട്ടൽ തെറ്റി. മണിയാശാന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ, പുലയാട്ടു സമാനമായ ആണത്ത ആഘോഷത്തെ സഭാനടപടിക്രമത്തിൻ്റെ പരിധിയിയും മര്യാദയും പാലിച്ചുകൊണ്ടുതന്നെ പ്രതിപക്ഷം വിമർശന വിധേയമാക്കി മണിയെക്കൊണ്ട് അതൊക്കെ പിൻവലിപ്പിച്ചു.
'കണ്ടില്ലെ, പ്രതിപക്ഷം നിൽക്കക്കള്ളിയില്ലാതെ സഭ ബഹിഷ്ക്കരിക്കുന്നു...' എന്ന് പത്രക്കാർക്കു മുന്നിൽ വീമ്പിളക്കാനിരുന്ന പിണറായി തന്ത്രം അതോടെ സ്വാഹ! ജന വിരുദ്ധതയും കൊള്ളയടിയും മറച്ചുപിടിക്കാൻ പിണറായി ഏതുതരം തന്ത്രമാണ് പ്രയോഗിക്കുകയെന്ന് മുൻകൂട്ടി അറിഞ്ഞു പ്രതിരോധിക്കാനുള്ള തന്ത്രം വി.ഡി. സതീശൻ സ്വായത്തമാക്കി കഴിഞ്ഞു.
സി.പി.എമ്മിൻ്റെ ദേശവിരുദ്ധസ്റ്റഡി ക്ലാസുകളിൽ പഠിച്ചിറങ്ങിയ സജി ചെറിയാൻ പഠിച്ചത് പൊതുവേദിയിൽ പ്രസംഗിച്ചപ്പോൾ അവയത്രയും സംഘപരിവാർ നേതാവ് ഗോൾ വാക്കറുടെ വിചാരധാരയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കണ്ടെത്തി. സഖാക്കളെ സംരക്ഷിക്കാൻ അവരുമായി കൈകോർത്ത സംഘ പരിവാരൻമാർ പഴയൊരു പുസ്തക പ്രകാശനത്തിന്റെ ചിത്രവുമായി തുണക്കെത്തി.
വാദപ്രതിവാദങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ, മുഖ്യഅമ്പയർ തീരുമാനം വരും മുമ്പ് ക്രീസ് വിട്ടു. പക്ഷ നാളിതുവരെ ചെറിയാന്റെ ദേശവിരുദ്ധത തള്ളിപ്പറയാത്ത പാർട്ടിയെയും മുഖ്യനെയും വിടാതെ വേട്ടയാടിക്കൊണ്ടിരിക്കയാണ് പ്രതിപക്ഷം. 'ഒന്നായ CPM- BJP യെ രണ്ടായിക്കണ്ടതിലുണ്ടായ ഇണ്ടൽ' വി ഡി സതീശൻ മാലോകർക്ക് കാട്ടിക്കൊടുക്കയും ചെയ്തു.
സഭയിൽ പ്രക്ഷുബ്ദ രംഗങ്ങൾ സൃഷ്ടിച്ച് അടിയന്തിര പ്രമേയത്തിൽ നിന്ന് ഒളിച്ചോടാനുള്ള മുഖ്യതന്ത്രം മനസിലാക്കിയ പ്രതിപക്ഷം എന്തു പ്രകോപനമുണ്ടായാലും സഭ ബഹിഷ്കരിക്കില്ലെന്നുറച്ചു. അന്നേരം സഭ നിർവീര്യമാക്കാൻ ഭരണപക്ഷ അംഗങ്ങൾ വെളിയിലിറങ്ങി. ചോദ്യാത്തരവും അടിയന്തിര പ്രമേയ അവതരണവും വെട്ടിക്കുറയ്ക്കപ്പെട്ടപ്പോൾ സഭാനടപടികൾ ഭരണകക്ഷിതന്നെ തടസപ്പെടുത്തുന്നുവെന്ന അപൂർവതയും ഈ സമ്മേളന കാലത്ത് വെളിവാക്കപ്പെട്ടു.
പതിവിനു വിപരീതമായി അടിന്തിര പ്രമേയത്തിൽ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ മാത്രമാക്കി പ്രതിപക്ഷം ചുരുക്കിയെടുത്തപ്പോൾ പതിവ് അസംബന്ധ ശൈലിയിൽ മറുപടി പറയാനാവാതെ വിഷമിക്കുന്ന മുഖ്യനെ കേരളം കണ്ടു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, വിമാനത്തിലെ ചിറ്റപ്പൻ വിളയാട്ടം,AkG സെന്റെറിലെ ഓലപ്പടക്കം, മണിയാശാന്റെ മണിപ്രവാളം, സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധത, ശബരീനാഥിൻ്റെ അറസ്റ്റ് നാടകം.... ഇവയെല്ലാം ബിരിയാണി ചെമ്പിലെ സ്വർണ്ണം ഒളിപ്പിക്കുന്നതിന്റെ പക്കമേളം മാത്രമെന്ന് പ്രതിപക്ഷനേതാവ് വിളിച്ചുപറഞ്ഞപ്പോൾ അടി തെറ്റിയ അടവു നായത്തിൽ മുഖ്യൻ നന്നായി വിയർത്തു.
പ്രതിപക്ഷത്തെ തകർക്കാൻ ഭരണപക്ഷം ഒരുക്കിയ കെണികൾ ഭരണപക്ഷത്തിന് തന്നെ വിനയാവുകയും പ്രതിസന്ധികളെ തരണം ചെയ്ത് സാമർത്ഥ്യം തെളിയിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന് അവസരമൊരുങ്ങുകയും ചെയ്തു. വാൽക്കഷ്ണം: സാങ്കേതിക തലത്തിൽ നോക്കിയാൽ ഇന്ത്യയിലെ വിദേശാധിപത്യമാണ് മഹാത്മജിയെന്ന രാഷ്ട്രപിതാവിൻ്റെ ഉദയത്തിനു കാരണമെന്നു കാണാം.
ഇവിടെയിതാ പിണറായിയെന്ന ജനാധിപത്യ വിരുദ്ധൻ, നാടുമുടിക്കുന്ന മടിക്കനക്കാരൻ തൻ്റെ ഓരോരോ കുതന്ത്രങ്ങളിലൂടെ വി.ഡി.സതീശൻ എന്ന ജനാധിപത്യ പോരാളിയെ തിളക്കി മിനുക്കി പുറത്തെടുക്കുന്നു. എങ്ങനെ നന്ദി പറയാതിരിക്കും?
അഡ്വ: ജി.ഗോപിദാസ്
https://www.facebook.com/Malayalivartha